വയനാട് പുനരധിവാസം മാതൃകയാകും, ചരിത്രം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രസംഗം

വയനാട് പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം

Kerala CM Pinarayi Vijayan against Union Government at Wayanad Rehabilitation foundation stone function

മേപ്പാടി: വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം. 

രാജ്യത്തെ തന്നെ കണ്ണീരിൽ മുക്കിയ ദുരന്തമാണ് ഉണ്ടായത്. കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചില്ല. പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്നും അറിയില്ല. വായ്പ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അതിനി സംസ്ഥാനം തിരിച്ചടക്കേണ്ടതുമാണ്. കേരളത്തിൻ്റെ ഒരുമയും ഐക്യവും ആണ് അസാധ്യമായ ഈ ദൗത്യത്തിൻ്റെ  ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Videos

ഇച്ഛാശക്തിയുണ്ടാവുകയെന്നതാണ് പ്രധാനം. എല്ലാ രാഷ്ട്രീയ പാർട്ടികളും പുനരധിവാസത്തോട് സഹകരിച്ചു. നാടിൻ്റെ അപൂർവതയാണത്. ജനം ഒപ്പം നിന്നാൽ ഒന്നും അസാധ്യമല്ല. പുനരധിവാസ പദ്ധതിയിൽ ഒരു ക്ലസ്റ്ററിൽ 20 വീടുകളുണ്ടാകും. 64 ഹെക്ടറിൽ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കും. ദുരന്ത ബാധിതരുടെ ജീവിത സ്വപ്നങ്ങൾ വീണ്ടെടുക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമായി പ്രയത്നിക്കും.

വാഗ്ദാനം എന്തു വിലകൊടുത്തും നിറവേറ്റുന്നതാണ് നമ്മുടെ രീതിയെന്നും പിണറായി വിജയൻ പറഞ്ഞു. കർണാടക സർക്കാർ 20 കോടി സഹായം നൽകി. 100 വീട് നൽകുമെന്നായിരുന്നു കർണാടക സർക്കാരിൻ്റെ വാഗ്ദാനം. 20 വീട് നൽകാമെന്ന് ഡിവൈഎഫ്ഐ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അത് 100 വീട് ആയി ഉയർത്തിയെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. 

vuukle one pixel image
click me!