മന്ത്രിമാരുടെ പരിപാടികളിലും കൊവിഡ് നിയന്ത്രണമില്ല. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പരിപാടികളില്‍ ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍പ്പറത്തി തെരഞ്ഞെടുപ്പ് യോഗങ്ങളും റാലികളും. ഭരണ പ്രതിപക്ഷ നേതൃത്വങ്ങളും അണികളും കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തതോടെ കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്നു തുടങ്ങി. ഇങ്ങനെപോയാൽ ഏപ്രില്‍ പകുതിക്ക് ശേഷം കേരളത്തില്‍ കൊവിഡ് വ്യാപനം കുത്തനെ കൂടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് .
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും തുടങ്ങി യുഡിഎഫ് എന്‍ഡിഎ നേതൃത്വവും അണികളും ശക്തി തെളിയിക്കാനിറങ്ങിയതോടെ ആള്‍ക്കൂട്ടങ്ങള്‍ കേരളത്തിലെ തെരുവുകളിലെ സ്ഥിരം കാഴ്ചയായിരിക്കുകയാണ്. കൊവിഡ് ബാധിക്കാൻ ഏറെ സാധ്യതയുള്ള കുഞ്ഞുങ്ങള്‍, മാസ്കുപോലുമില്ലാതെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത് ജാഥയില്‍ അണിനിരക്കുന്നു.
കൊവിഡ് വ്യാപനത്തിന്‍റെ അപകടകരമായ രണ്ടാംതരംഗം രാജ്യത്ത് തുടരുമ്പോഴാണ് കേരളത്തിലെ ഈ കാഴ്ച. ആദ്യ വ്യാപനഘട്ടത്തില്‍ രോഗ വ്യാപനത്തിന്‍റെ തീവ്രതയുടെ തോത് വൈകിപ്പിക്കാൻ കേരളത്തിന് കഴിഞ്ഞെങ്കിൽ രണ്ടാം തരംഗത്തിലത് സാധ്യമായേക്കില്ലെന്ന ആശങ്കയുണ്ട് വിദഗ്ധര്‍ക്ക്.