മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

By Web TeamFirst Published Sep 25, 2024, 5:38 PM IST
Highlights

മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പൊലീസ് അറിയിച്ചു.

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പൊലീസ് അനിൽ അക്കരയെ അറിയിച്ചു. തൃശൂർ എസിപി ആയിരുന്നു അനിൽ അക്കരയുടെ പരാതി അന്വേഷിച്ചത്. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാവ് അനിൽ അക്കര ആയിരുന്നു കേസിലെ പരാതിക്കാരൻ. കേസെടുക്കാത്തത് പിണറായി-ബിജെപി ഡീലിന്‍റെ ഭാഗമാണെന്ന് അനിൽ അക്കര പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകര്‍ക്ക് നേരെ കൈയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്രമന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണെന്ന് കെയുഡബ്ല്യുജെ വിമര്‍ശിച്ചു. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ല. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടിരുന്നു.  

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!