ജയതിലക് നിരവധി കീഴുദ്യോഗസ്ഥരുടെ ജീവിതവും കരിയറൂം നശിപ്പിച്ചുവെന്നും ആക്ഷേപം
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര് മുറുകുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമര്‍ശനം തുടരുമെന്നാവര്‍ത്തിച്ച് എന്‍ പ്രശാന്ത് രംഗത്തെത്തി. പബ്ലിക്ക് സ്ക്രൂട്ടണി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് 'വിസിൽ ബ്ലോവർ' ആവുന്നത്. ഭരണഘടനയുടെ 311 ആം അനുച്ഛേദത്തിന്റെ സുരക്ഷയുള്ള ഒരു ഐഎഎസുകാരനെങ്കിലും ധൈര്യപൂർവ്വം ഒരു 'വിസിൽ ബ്ലോവർ' ആയേ പറ്റൂ എന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു
ഐഎഎസുകാരുടെ സർവ്വീസ് ചട്ടപ്രകാരം സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ്. അഞ്ച് കൊല്ലം നിയമം പഠിച്ച lനിക്ക് സർവ്വീസ് ചട്ടങ്ങളെക്കുറിച്ച് അറിയാം.. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഏതൊരു പൗരനുമെന്ന പോലെ തനിക്കും ഉള്ളതാണ്. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവ്വീസിൽ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.