പരശുറാമിലടക്കം തെർമോക്കോൾ ബോക്സുകളിൽ പേരിന് മാത്രം ഐസിട്ട്, ഒഴുകിയൊലിക്കുന്ന ദ്രാവകം, ദു‍ർഗന്ധം; വ്യാപക പരാതി

By Web Team  |  First Published Mar 9, 2024, 1:21 PM IST

പരശുറാം, ശബരി, അനനന്തപുരി, അമൃത എക്സ്പ്രസ്സുകളിൽ ദിവസവും നിരവധി പെട്ടികളിലായി മത്സ്യം കേരളത്തിൽ എത്തുന്നുണ്ട്. കൈപ്പറ്റുന്നവരുടെ വിവരങ്ങൾ പോലും പെട്ടികളിൽ അവ്യക്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്


തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിൽ കേരളത്തിലേക്ക് എത്തുന്ന വൻതോതിലുള്ള മത്സ്യ ഇറക്കുമതിയിൽ ദുരൂഹതയുണ്ടെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ശീതീകരണ സംവിധാനങ്ങളില്ലാതെ ഒരു ദിവസത്തിലേറെ ട്രെയിനു‌കളിലെ ലഗ്ഗേജ്‌ റേക്കുകളിലെത്തുന്ന മത്സ്യം പ്രധാനമായും നീണ്ടകര, തങ്കശ്ശേരി, വാടി, വിഴിഞ്ഞം, ബേപ്പൂർ പോലുള്ള കേരളത്തിലെ  മത്സ്യ ഹാർബറുകളിലാണ് എത്തുന്നത്. കേരളത്തിൽ നിന്ന് പിടിച്ച മത്സ്യമെന്ന ലേബലിലാണ് പിന്നീട് ഇവ വിറ്റഴിക്കുന്നത്. വലിയ അളവിൽ ഫോർമാലിൻ ഉപയോഗിച്ചാണ് കേട് വരാതെ, ശീതീകരണ സംവിധാനം പോലുമില്ലാത്ത റേക്കുകളിൽ മത്സ്യം കയറ്റുന്നത്.

തെർമോക്കോൾ ബോക്സുകളിൽ പേരിന് മാത്രം ഐസിട്ടാണ് മീനുകൾ കേരളത്തിലെത്തിലേക്ക് കയറ്റി വിടുന്നത്. സുരക്ഷിതമല്ലാത്ത പാക്കിംഗുകളിലൂടെ ഒഴുകിയൊലിക്കുന്ന ദ്രാവകത്തിൽ നിന്നും വമിക്കുന്ന ഗന്ധം യാത്രക്കാരിൽ പലർക്കും ദേഹസ്വാസ്ഥ്യം ഉണ്ടാക്കുന്നതായും പരാതിയുണ്ട്. അതിൽ നിന്നും മത്സ്യങ്ങളിൽ ഉപയോഗിക്കുന്ന കെമിക്കലുകളുടെ തീവ്രത മനസിലാക്കാവുന്നതാണ്. റെയിൽവേ സ്റ്റേഷനുകളിൽ കേരള സംസ്ഥാന ജീവനക്കാർക്ക് പരിശോധന നടത്താനുള്ള പരിമിതികളെ മത്സ്യ മാഫിയ മുതലെടുക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന മത്സ്യം പരിശോധിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് അധികാരമുണ്ട്. പക്ഷേ പരിശോധനകൾ കർശനമല്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിക്കുന്നു. 

Latest Videos

undefined

കരൾ, കിഡ്നി സംബന്ധമായ മാരക അസുഖങ്ങളിലേയ്ക്ക് വഴിവെയ്ക്കുന്ന കെമിക്കലുകളാണ് മത്സ്യം കേടുവരാതിരിക്കാൻ ഉപയോഗിക്കുന്നത്. ഈ വിഷയം കേരളത്തിന്റെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരും റെയിൽവേയും ഒറ്റക്കെട്ടായി പരിശോധനകൾ കർശനമാക്കിയാലേ ഈ വിപത്ത് പൂർണ്ണമായും തടയാൻ സാധിക്കുകയുള്ളു. നേരത്തെ സുനാമി ഇറച്ചികളുടെ വ്യാപകമായ ഇറക്കുമതി കേരളം കണ്ടെത്തി നിരോധിച്ചിരുന്നു.

പരശുറാം, ശബരി, അനനന്തപുരി, അമൃത എക്സ്പ്രസ്സുകളിൽ ദിവസവും നിരവധി പെട്ടികളിലായി മത്സ്യം കേരളത്തിൽ എത്തുന്നുണ്ട്. കൈപ്പറ്റുന്നവരുടെ വിവരങ്ങൾ പോലും പെട്ടികളിൽ അവ്യക്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധാരാളം കായൽ, കടൽ മത്സ്യ സമ്പത്തുള്ള കേരളത്തിലേയ്ക്ക് മൂന്നും നാലും ദിവസങ്ങളോളം ട്രെയിനുകളിൽ ശീതീകരിക്കാതെയെത്തുന്ന മത്സ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് യാതൊരു സംശയവുമില്ല. കേരള സർക്കാരും റെയിൽവേയും സംയുക്തമായി ഇതിനെതിരെ അന്വേഷണം നടത്തുകയും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് അഭ്യർത്ഥിച്ചു. 

ഒറ്റ ദിനം, ലാഭം 14,61,217 രൂപ, ഒരു മാസം 4,38,36,500 രൂപ; കെഎസ്ആ‍‍‍‍ർടിസി ചുമ്മാ സീൻ മോനെ! ​ഗണേഷിന് വൻ കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!