മൈനാ​ഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം നല്‍കി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

By Web TeamFirst Published Sep 30, 2024, 3:35 PM IST
Highlights

ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായിരുന്നു. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്. 

കൊല്ലം:  കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ
രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് ജാമ്യം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 3ന് വാദം കേൾക്കും.

സ്കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോളുടെ ജീവനെടുത്ത കാറിലുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിക്കെതിരെ പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പിൻസീറ്റിലാണ് ശ്രീക്കുട്ടി ഇരുന്നതെന്നും കാറുമായി
രക്ഷപ്പെടാൻ ഒന്നാം പ്രതിക്ക് പ്രേരണ നൽകിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പ്രതിഭാഗത്തിൻ്റെ വാദങ്ങൾ പരിഗണിച്ച  കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ശ്രീക്കുട്ടിക്ക് ജാമ്യം നൽകി.

Latest Videos

50000 രൂപയുടെ ആൾജാമ്യം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങി കർശന ഉപാധികളോടെയാണ് ജാമ്യം. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി  ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലാണ് പ്രതിയുള്ളത്.

രണ്ട് ദിവസത്തിനുള്ളിൽ ജാമ്യ നടപടികൾ പൂർത്തിയാകും. കേസിലെ ഒന്നാം പ്രതി അജ്മലും ഇന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. അപേക്ഷയിൽ ഒക്ടോബർ 3ന് വാദം കേൾക്കും. ഇക്കഴിഞ്ഞ സെപ്റ്റംബർ 15നാണ് മദ്യലഹരിയിൽ പ്രതികളെത്തിയ കാർ ഇടിച്ച് കുഞ്ഞുമോൾ കൊല്ലപ്പെത്. റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. അജ്മലിനെതിരെ മനപൂർവ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

click me!