എക്സാലോജിക് കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രി, മകളുടെ പേരിൽ അച്ഛനിലെത്താൻ ശ്രമം, പിന്നിൽ ബിജെപി: എംവി ഗോവിന്ദൻ

By Web TeamFirst Published Feb 2, 2024, 3:35 PM IST
Highlights

കേന്ദ്ര ഏജൻസികൾ കോൺഗ്രസിനെതിരെയാണെങ്കിൽ മാത്രം എതിർക്കുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: എക്സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നൽകിയെന്നും കേസിന് പിന്നിൽ ആരാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സാലോജിക്ക് മൈനസ് പിണറായി വിജയൻ എന്നായാൽ പിന്നെ കേസുണ്ടാവില്ല. കേന്ദ്ര ഏജൻസികൾ കോൺഗ്രസിനെതിരെയാണെങ്കിൽ മാത്രം എതിർക്കുകയെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നതെന്നും അത് പിന്നീട് യുഡിഎഫ് ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക് കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയനെ എങ്ങനെ കുടുക്കാം എന്ന് മാത്രമാണ് കേസിന് പിന്നിൽ. ഏത് ഏജൻസി വേണമെങ്കിലും വന്ന് അന്വേഷണം നടത്തട്ടെ, ബാക്കി അതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പറഞ്ഞായിരുന്നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പാര്‍ട്ടി സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വൻതോതിൽ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചുവെന്നും വായ്പാ പരിധി നിയന്ത്രണത്തിലും ഗുണകരമായി ഒന്നും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയിംസ് പോലുള്ള വികസന  പദ്ധതികളോടും കേന്ദ്രസര്‍ക്കാരിന് അനുകൂല സമീപനം ഇല്ല. സിൽവർ ലൈൻ കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് പറഞ്ഞ അദ്ദേഹം ഈ പദ്ധതി ഒരു ഘട്ടത്തിലും ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.


ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!