കുഞ്ഞിനെത്തേടി അമ്മയുടെ അലച്ചില്‍, രക്ഷിതാക്കള്‍ എടുത്തുകൊണ്ടുപോയി, നീതികിട്ടുന്നില്ലെന്നും പരാതി

By Web Team  |  First Published Oct 14, 2021, 7:49 AM IST

കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്‍റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 


തിരുവനന്തപുരം: പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സ‍‍ർക്കാ‍ർ സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ് ഒരമ്മ. ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്‍റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമയെന്ന 22 കാരി രംഗത്തെത്തിയിരിക്കുന്നത്. പേരൂര്‍ക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും കുഞ്ഞിനെക്കണ്ടെത്താന്‍ സഹായിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്‍റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 

പേരൂര്‍ക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്‍റെ മകളാണ് രക്ഷിതാക്കള്‍ക്കെതിരെ രംഗത്തു വന്നത്.  എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന അനുപമയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മില്‍ പ്രണയത്തിലായി. അജിത്ത് ദളിത് ക്രിസ്ത്യന്‍ ആയതുകൊണ്ടും അനുപമയുടെ കുടുംബത്തിന്‍റെ പദവിക്ക് യോജിക്കില്ല എന്നത് കൊണ്ടും വിവാഹിതന്‍ ആയതുകൊണ്ടുും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തെന്നാണ് അനുപമ പറയുന്നത്. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 19 ന് സിസേയറിനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

Latest Videos

undefined

ജനുവരിയില്‍ വിവാഹമോചനം നേടിയ അജിത്ത് മാര്‍ച്ച് മാസം മുതല്‍ അനുപമയ്ക്കൊപ്പം താമസം തുടങ്ങി. ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്‍കി. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും സിപിഎം നേതാക്കള്‍ക്കും എല്ലാം പരാതി നല്‍കി. പ്രസവിച്ച് ഒരുവര്‍ഷമാകുമ്പോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല..

കുട്ടിയെ അനുപമയുടെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു എന്നാണ് ഒരു പൊലീസുദ്യോഗസ്ഥനില്‍ നിന്നറിഞ്ഞത്. അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍റെ വിശദീകരണം. വിവാഹം കഴിപ്പിച്ച് കൊടുക്കാത്തതിന്‍റെ വൈരാഗ്യം തീര്‍ക്കാനുള്ള പരാതിയും അപമാനിക്കലുമാണ് നടക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. 

click me!