'നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ല'; തദ്ദേശ മന്ത്രിയുടെ വാദങ്ങള്‍ പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്

By Web TeamFirst Published Jun 11, 2024, 3:55 PM IST
Highlights

കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. 

തിരുവനന്തപുരം: കേരള നിയമസഭയില്‍ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയ ബില്‍ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണ്. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം ഒരു തരത്തിലും അനുവദിക്കില്ല. 

ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഞങ്ങളുമായി ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. നിങ്ങള്‍ ആരോടാണ് ഈ വാശി കാണിക്കുന്നത്. നിയമസഭയുടെ പേരാണ് മോശമായത്. എന്ത് നേട്ടമാണ് നിങ്ങള്‍ക്കുണ്ടായത്. നിങ്ങള്‍ക്ക് നിങ്ങളുടെ ഭൂരിപക്ഷം കൊണ്ട് തന്നെ ബില്‍ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. 

Latest Videos

ഡീ ലിമിറ്റേഷന്‍ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പെ ഈ ബില്‍ കൊണ്ടു വരാമായിരുന്നില്ലേ? എത്രയോ അവസരങ്ങളുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് നിഷ്‌ക്രിയത്വമാണ്. സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുന്‍ സഭയില്‍ ഈ ബില്‍ പരിഗണിച്ചപ്പോള്‍ ഇല്ലാതിരുന്ന നിരവധി പേര്‍ ഇപ്പോഴത്തെ സഭയിലുണ്ട്. അവര്‍ക്കും ഭേദഗതികള്‍ അവതരിപ്പിക്കാനുണ്ടാകും. പെട്ടെന്ന് പാസാക്കേണ്ടതായിരുന്നെങ്കില്‍ പ്രതിപക്ഷത്തോട് പറയാമായിരുന്നു. 

അപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായം പറഞ്ഞേനെ. ഇന്ന് വൈകുന്നേരം പാസാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങള്‍ സഹകരിക്കുമായിരുന്നല്ലോ. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ബില്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നത്. അത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. മന്ത്രിയുടെ ന്യായവാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. മോദി സ്‌റ്റൈലിലാണ് ബില്ലുകള്‍ പാസാക്കുന്നതെങ്കില്‍ സബ്ജക്ട് കമ്മിറ്റികളൊക്കെ പിരിച്ചു വിടാനും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഭേദഗതി തന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞതും തെറ്റാണ്. പ്രതിപക്ഷത്ത് നിന്നും സണ്ണി ജോസഫ് ജനറല്‍ അമന്‍ഡ്‌മെന്റ് തന്നിരുന്നു. ബില്‍ സര്‍ക്കുലേറ്റ് ചെയ്ത ശേഷമാണ് പ്രധാന ഭേഗദതികള്‍ അവതരിപ്പിക്കുന്നത്. പ്രതിപക്ഷവുമായി സമവായമുണ്ടാക്കിയും അടിയന്തിര സാഹചര്യത്തിലും മാത്രമാണ് കേരള നിയമസഭ ഇത്തരത്തില്‍ ബില്‍ പാസാക്കിയിട്ടുള്ളത്. എന്നാല്‍ ഇതുപോലൊരു സംഭവം സഭാചരിത്രത്തില്‍ ആദ്യമായാണ്. 

സ്പീക്കറുടെ വിഷമം പരിമിതമായ വാക്കുകളിലൂടെ പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ നടപടി തെറ്റായിരുന്നുവെന്ന് സ്പീക്കറുടെ വാക്കുകളില്‍ വ്യക്തമാണ്. പ്രതിപക്ഷ നേതാവ് കസേരയില്‍ നിന്നും എഴുന്നേറ്റ് പറഞ്ഞില്ലെന്നു പറഞ്ഞ മന്ത്രി ഭാവിയില്‍ പ്രതിപക്ഷം ഇതൊക്കെ കേട്ട് അടങ്ങിയിരുന്നെന്നും പറയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!