'അതുകൊണ്ടാണ് അവർ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നത്'; കാപ്പാ പ്രതിക്ക് സ്വീകരണം നല്‍കിയതിൽ മന്ത്രിയുടെ മറുപടി

By Web TeamFirst Published Jul 6, 2024, 11:36 AM IST
Highlights

മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

പത്തനംതിട്ട: കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.

ഒരു ആശങ്കക്കും അടിസ്ഥാനമില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായിട്ടുള്ള കാര്യമാണിത്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയിലേക്ക് വരുന്നതോടെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.അതേസമയം, സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി.

Latest Videos

ശരൺ ചന്ദ്രൻ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയിൽ താക്കീത് നൽകിയിട്ടെയുള്ളുവെന്നും ആർ എസ് എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു.

രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.കേസ് എല്ലാവരുടെയും പേരിലുണ്ടെന്നും സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും ഉദയഭാനു ന്യായീകരിച്ചു. കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം ഇന്നലെ മാലയിട്ട് സ്വീകരിച്ചത്.

സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ. 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

ശരണടക്കം 60 ഓളം പേരെ കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. കാപ്പാ കേസ് ചുമത്തിയ ശരൺ ചന്ദ്രൻ തുടര്‍ന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ നാടുകടത്തിയിരുന്നില്ല. ആ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ, വീണ്ടും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.

ഇഡ്ഡലി എന്നാണ് ശരൺ ചന്ദ്രൻ്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളിൽ അടക്കം ശരൺ ചന്ദ്രൻ്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാൽ പത്തനംതിട്ടയിൽ മലയാലപ്പുഴ മേഖലയിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ത്ത് പരസ്യമായി തന്നെ രംഗത്ത് വന്നു. പലരും വാട്സ്ആപ്പുകളിലും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും ഈ സ്വീകരണ നടപടിയെ വിമര്‍ശിച്ചു. മന്ത്രി പങ്കെടുത്ത പരിപാടിയിൽ കാപ്പാ കേസ് പ്രതിക്ക് സ്വീകരണം നൽകുന്ന കാര്യം പൊലീസിൻ്റെ ഇൻ്റലിജൻസ് സംവിധാനം മനസിലാക്കാതിരുന്നതും മുന്നറിയിപ്പ് നൽകാതിരുന്നതും എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.

സീനിയർ, ജൂനിയർ ഇല്ല, എല്ലാവരും പരസ്പരം മത്സരിക്കും! ലക്ഷ്യം ഒന്നു മാത്രം; പൊലീസിലെ ജോലി സമ്മർദം കുറയ്ക്കൽ

 

 

click me!