പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; അന്ത്യം അർബുദ ബാധയെ തുടർന്ന് 48-ാം വയസ്സിൽ, നാളെ സംസ്കാരം

By Web Team  |  First Published Oct 5, 2024, 7:55 AM IST

2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. 


കണ്ണൂർ: സിപിഎമ്മിനോടുളള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ കണ്ണൂരിലെ ദളിത് അവകാശ പ്രവർത്തക ചിത്രലേഖ അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 2005ൽ സിഐടിയുവുമായുളള തർക്കത്തിന് പിന്നാലെ ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചിരുന്നു. ആക്രമണങ്ങൾക്കും ജാതി അധിക്ഷേപങ്ങൾക്കുമെതിരെ നിരന്തര സമരത്തിലായിരുന്നു അവർ.

ചിത്രലേഖയുടെ ജീവിതം പോരാട്ടവും വിവാദങ്ങളുമായിരുന്നു. ഇതരജാതിയിൽ പെട്ടയാളുമായി 2002ലായിരുന്നു വിവാഹം നടന്നത്. വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ 2005ൽ എടാട്ട് നിരത്തിലിറക്കി. ഇതുമായി ബന്ധപ്പെട്ട് സിഐടിയുവുമായി തർക്കമായി. ജാതി അവഹേളനങ്ങൾ നേരിട്ടെന്ന് ചിത്രലേഖ പിന്നീട് പരാതിപ്പെട്ടു. ഇതിനെ തുടർന്ന് ചിത്രലേഖക്കെതിരെ തുടരക്രമങ്ങളുണ്ടായി. ഡിസംബറിൽ അവരുടെ ഓട്ടോ കത്തിച്ചത് കണ്ണൂരിലെ അക്കാലത്തെ കോളിളക്കം സൃഷ്ടിച്ച സംഭവമായി.

Latest Videos

undefined

സിപിഎമ്മിനെതിരെ ചിത്രലേഖയുടെ സമരത്തിന് പലകോണുകളിൽ നിന്ന് പിന്തുണയെത്തി. ഇടതിൻറെ ദളിത് വിരുദ്ധതയ്ക്ക് ചിത്രലേഖയുടെ അനുഭവം പലരും സാക്ഷ്യപ്പെടുത്തി. സംഭാവനകൾ കൊണ്ടുവാങ്ങിയ ഓട്ടോറിക്ഷയ്ക്ക് മയിലമ്മയെന്ന് ചിത്രലേഖ പേരിട്ടു. ഊരുവിലക്കുൾപ്പെടെ പിന്നീടുണ്ടായി. നീണ്ട സമരത്തിനൊടുവിൽ 2015ൽ അവർക്ക് ഭൂമിയും വീടുവെക്കാൻ ധനസഹായവും ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ചു. എന്നാൽ ഇടതുസർക്കാർ തീരുമാനം റദ്ദാക്കുകയായിരുന്നു. 

ചിത്ര ലേഖയുടെ മതം മാറ്റമുൾപ്പെടെ വിവാദങ്ങളുണ്ടായി. കഴിഞ്ഞ വർഷവും അവരുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷ കത്തിനശിച്ചു. ജീവിക്കാൻ പാടുപെടുന്നതിനിടെയായിരുന്നു പാൻക്രിയാസിൽ അർബുദ ബാധയുണ്ടായത്. ജാതി പറഞ്ഞും വഴിയടച്ചും കയ്യൂക്കുകൊണ്ടും ആട്ടിയവർക്ക് മുന്നിൽ തോൽക്കാതിരുന്ന ചിത്രലേഖ, നാൽപ്പത്തിയെട്ടാം വയസ്സിൽ മരണത്തോട് പൊരുതാനാവതില്ലാതെ കീഴടങ്ങി.

ഹാട്രിക് വിജയം തേടി ബിജെപി, ജീവൻമരണ പോരാട്ടത്തിന് കോൺഗ്രസ്; ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി

https://www.youtube.com/watch?v=Ko18SgceYX8

click me!