R Bindu : കണ്ണൂർ വിസി നിയമനം; കുരുക്ക് മന്ത്രിക്ക് നേരെ തന്നെ, ​ഗവർണർക്ക് അയച്ച ശുപാർശ കത്ത് പുറത്ത്

By Web Team  |  First Published Dec 13, 2021, 6:50 PM IST

ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.


തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ (Kannur University VC)  പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു (R Bindu)  എന്നതിന് തെളിവ് പുറത്ത്. മന്ത്രി അയച്ച കത്ത് പുറത്തു വന്നു. ഇതു സംബന്ധിച്ച് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.

കണ്ണൂർ വിസി പുനർ നിയമനത്തിന് ഗവർണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നതിനിടെയാണ് ഇപ്പോൾ കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്‍റെ നിഴലിലാക്കിയത്. 

Latest Videos

undefined

വിരമിച്ച ദിവസം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരുകയാണ്. സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിക്ക് കിട്ടിയ മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള തുടർ അപേക്ഷകളിൽ രാജ്ഭവൻറെയും സർക്കാറിൻറെയും മറുപടി കാത്തിരിക്കെ സംശയമുന നീളുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്ക് തന്നെയായിരുന്നു. സർക്കാർ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നൽകി എന്ന ആക്ഷേപം തുടർച്ചയായി പ്രതിപക്ഷം ഉയർത്തുന്നു.

മന്ത്രിയല്ലെങ്കിൽ ആരെന്ന് വ്യക്തമാക്കണമെന്ന ചോദ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടുമില്ല. മന്ത്രിയാകട്ടെ വിവാദത്തിൽ മൗനം തുടരുന്നു. വിസിയുടെ വിവാദ പുനർനിയമനത്തിലെ മന്ത്രിയുടെ മറ്റൊരു നിർണ്ണായക ഇടപെടൽ ഗവർണ്ണറും വെളിപ്പെടുത്തി. ഒരു വിസിയെ നിയമിക്കാനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സമ്മർദ്ദം ഫലത്തിൽ സത്യപ്രതിജ്ഞാ ലംഘനത്തിൻറെ പരിധിയിലേക്കാണ് വരുന്നത്. നോമിനിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലിലും ആർ ബിന്ദു മൗനത്തിൽ തന്നെ. ഗോപിനാഥ് രവീന്ദ്രറെ നിയമന കേസിൽ ഹൈക്കോടതി വിധി പറയാനിരിക്കെ പരാമർശങ്ങൾ എന്തെങ്കിലും മന്ത്രിക്കെതിരെ ഉണ്ടാകുമോ എന്നതാണ് സുപ്രധാനം. നിയമനാധികാരി തന്നെ നിയമനം ചട്ടംലംഘിച്ചാണെന്ന് പരസ്യമാക്കിയത് കൂടി കോടതിയുടെ പരിഗണനയിലേക്കെത്തിക്കാനാണ് ഹർജിക്കാരുടെ ശ്രമം.

 

 

click me!