'പരേഡ് വാഹനത്തിൽ മന്ത്രിക്ക് റോൾ ഉണ്ടോ, അധോലോകരാജാവിന്‍റെ വണ്ടിയായാലും മന്ത്രിയുടെ ഉത്തരവാദിത്തമാകുന്നതെങ്ങനെ'

By Web TeamFirst Published Jan 27, 2024, 10:25 AM IST
Highlights

എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് കളക്ടർ മറുപടി തന്നത്.ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്‍റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. വണ്ടിയുടെ ആർസി ബുക്ക്‌ പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്ന് അദ്ദേഹം ചോദിച്ചു. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണ്?. അതൊരു അധോലോക രാജാവിന്‍റെ  വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് കളക്ടർ മറുപടി തന്നത്. ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട് വെസ്റ്റ് ഹിലിലെ വിക്രം മൈതാനായില്‍ നടന്ന റിപ്പബ്ളിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പൊലീസ് കരാറുകാരന്‍റെ വാഹനം ഏര്‍പ്പാടാക്കിയത്. മാവൂര്‍ സ്വദേശിയായ വിപിന്‍ ദാസിന്‍റെ ഉടമസ്ഥതയിലുളള കൈരളി കണ്‍സ്ട്രക്ഷന്‍ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. കരാര്‍ കമ്പനിയുടെ പേര് ദേശീയ പതാക ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.

Latest Videos

സാധാരണ നിലയില്‍ പൊലീസിന്‍റെ തുറന്ന ജീപ്പാണ് റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളത്. എആര്‍ ക്യാപിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിനാണ് ഇതിന്‍റെ ചുമതല. കോഴിക്കോട്ട് തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം, ദിവസങ്ങള്‍ക്ക് മുന്നേ തന്നെ പൊലീസ് തന്‍റെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വിപിന്‍ ദാസ് പറഞ്ഞു.

പൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ പ്രൊട്ടോക്കോള്‍ ലംഘനം ഇല്ലെങ്കിലും പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയുളള മന്ത്രിക്ക് കരാറുകാരന്‍റെ വാഹനം ഉപയോഗിച്ചതിലുളള അനൗചിത്യമാണ് ചര്‍ച്ചയാകുന്നത്. 

click me!