'ഇനി ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാകരുത്': ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നാല് വയസ്സുകാരിയുടെ അച്ഛൻ

By Web TeamFirst Published May 16, 2024, 2:37 PM IST
Highlights

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരിയുടെ ചികിത്സാ പിഴവ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും അച്ഛൻ പ്രതികരിച്ചു.

മെഡിക്കല്‍ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിർദേശം നൽകിയത്.

Latest Videos

കൈവിരലിന്‍റെ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂർ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം. 

ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

click me!