സമസ്തയിലെ തർക്കം തെരുവിലേക്ക്; ഉമർഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് പ്രമേയം

By Web Team  |  First Published Nov 1, 2024, 6:22 AM IST

 പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ പ്രമേയം പാസാക്കി.


മലപ്പുറം: സമസ്തയിലെ തർക്കം തെരുവിലേക്ക്. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ പ്രമേയം പാസാക്കി. എടവണ്ണപ്പാറയിൽ പൊതുസമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്.

പാണക്കാട് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനം ചോദ്യം ചെയ്ത് ഉമർ ഫൈസി മുക്കം വിവാദ പ്രസംഗം നടത്തിയ മലപ്പുറം എടവണ്ണപ്പാറയിൽ തന്നെയാണ് സമസ്തയിലെ മറുവിഭാഗം ആദർശ സമ്മേളനം എന്ന പേരിൽ പൊതു സമ്മേളനം നടത്തിയത്. സമസ്തയുടെയും എസ്‌വൈഎസ് ൻ്റെയും സംസ്ഥാന നേതാക്കൾ തന്നെ ഉമർ ഫൈസിക്കെതിരെ സമ്മേളനത്തിൽ തുറന്നടിച്ചു. പാണക്കാട് കുടുംബത്തെ മാറ്റി നിർത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉമർ ഫൈസിക്ക് പിന്തുണ നൽകിയ സമസ്തയിലെ മുശാവറ അംഗങ്ങളെയും വിമർശിച്ചു.

Latest Videos

സിപിഎമ്മിന് വേണ്ടിയാണ് ഉമർ ഫൈസിയുടെ സമാന്തര പ്രവർത്തനം എന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. ഉമർ ഫൈസിയെ മാറ്റി നിർത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ റഹ്മാൻ ഫൈസി പറഞ്ഞു. ഇതിനിടെ ഉമർ ഫൈസി മുക്കത്തിനെതിരായ സമ്മേളനം നടക്കുന്ന സമയത്തു തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ഒരു വിഭാഗം യുവജനനേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി. സമസ്തയെ ദുര്‍ബലപ്പെടുത്താനുള്ള എത് നീക്കത്തെയും ചെറുക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. 

തർക്കം സമസ്ത - ലീഗ് പ്രശ്‌നമായി അവതരിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാനും നേതാക്കളെ പൊതു ഇടങ്ങളില്‍ ഇകഴ്ത്തിക്കാണിക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ഇവർ ആവശ്യപെട്ടു. ഇതോടെ ഏറെ നാളായി പുകഞ്ഞിരുന്ന സമസ്തയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തുവരികയാണ്. ചേരിതിരിവ് തെരുവിലേക്കും എത്തുകയാണ്. 

click me!