മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, 21 അംഗ സംഘം രൂപീകരിച്ചു

By Web TeamFirst Published Jul 4, 2024, 7:30 AM IST
Highlights

മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും  അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്‍റെ നീക്കം.

ആലപ്പുഴ: മാന്നാറിലെ കല കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും  അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരണത്തിനാണ് പൊലീസിന്‍റെ നീക്കം.

കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. കലയുടെ ഭർത്താവ് അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കു. അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. 

കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം. യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!