മുതലെടുപ്പ് നടത്തിയിട്ടില്ല, അർജുൻ്റെ കുടുംബത്തോടൊപ്പമെന്നും മനാഫ്; ചിതയടങ്ങും മുൻപ് വിവാദം പാടില്ല

By Web TeamFirst Published Oct 3, 2024, 4:51 PM IST
Highlights

ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിൽ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ്

കോഴിക്കോട്: അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിൽ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു.

തന്റെ പെരുമാറ്റ രീതി ഇങ്ങനെയാണെന്നും അതിലൂടെ അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായേങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നുമാണ് മനാഫ് പറ‌ഞ്ഞത്. അർജുന്റെ കുടുംബത്തിന് ഒപ്പമാണ്. അവർക്ക് വിഷമം ഉണ്ടാക്കാനില്ല. ഇന്നത്തോടെ ഈ വിവാദം തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തൻ്റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യിൽ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് പറഞ്ഞു.

Latest Videos

മുക്കത്ത് ഇന്ന് താനൊരു പരിപാടിയിൽ പങ്കെടുത്തപ്പോൾ ചിലർ എനിക്ക് പണം തരാൻ സമീപിച്ചു.  അത് അർജുന്റെ മകനായി നൽകാൻ നിർദ്ദേശിച്ചു. അർജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പർ ഉണ്ടോ എന്ന് ചോദിച്ചു. അങ്ങനെ കുടുംബത്തോടെ ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അതിൽ കുടുംബത്തിന് ദുഃഖം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. അർജുന്റെ കുടുംബത്തിന് ദുഃഖം ഉണ്ടാകുന്ന ഒന്നും ഞാൻ ചെയ്യില്ല.

തൻ്റെ യൂട്യൂബ് ചാനലിൽ അർജുന്റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതിൽ പരിഭവം പറഞ്ഞു. ഞാൻ മാറ്റി. അർജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ ഇല്ല. എന്തെങ്കിലും ഉണ്ടായാൽ, പെട്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു എന്റെ മേൽവിലാസം. അത് തന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അർജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ല. ആദ്യം അതിൽ 10000 സബ്‌സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. മിഷൻ പൂർത്തിയായൽ ചാനെൽ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം കരുതിയത്. അർജ്ജുൻ്റെ കുടുംബം പരാതി ഉന്നയിച്ചതിന് പിന്നാലെ അതിൽ രണ്ടര ലക്ഷം സബ്സ്ക്രൈബർമാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ നിലയിലേക്ക് കൊണ്ടുപോവുകയാണ്. ആ ചാനൽ നടത്താൻ മറ്റാരെങ്കിലും വരുകയാണെങ്കിൽ കൊടുക്കും. ചാരിറ്റി എന്ന നിലയിൽ അതിൻ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചത്.

അർജുൻ്റെ ബൈക്ക് തങ്ങൾ നന്നാക്കിയതല്ലെന്ന് മുബീൻ പറഞ്ഞു. ഓഫീസിൽ ബൈക്ക് വച്ചത് അ‍‍ർജുനായിരുന്നു. അർജുൻ ആവശ്യപ്പെട്ട പ്രകാരമാണ് ബൈക്ക് പണിക്ക് കൊണ്ടുപോയത്. അർജുനാണ് അതിനുള്ള പണം കൊടുത്തത്. അല്ലാതെ തങ്ങൾ നന്നാക്കി എന്നത് തെറ്റായ പ്രചാരണമാണെന്നും മുബീൻ പറഞ്ഞു. അർജുൻ ആക്ഷൻ കമ്മറ്റിയിലെ അംഗങ്ങൾ 250 രൂപ വിഹിതം ഇട്ടിരുന്നു, തിരുവനന്തപുരത്ത് പോകാൻ ആയിരുന്നു പണം. അതിനെ ആരും പണപ്പിരിവ് ആയി കണക്കകരുതെന്നും മനാഫ് ആവശ്യപ്പെട്ടു.

അർജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതൽ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉൾപ്പെടെ ഉള്ള തുക ആണത്. അതിന് അ‍ർജുൻ ഒപ്പിട്ട ലെഡ്‌ജർ അടക്കം കണക്കുണ്ടെന്നും എന്നാൽ അതൊന്നും കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മനാഫ് പറ‌ഞ്ഞു.

അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളുടെ പേരിൽ വലിയ അധിക്ഷേപം നേരിടുന്നുണ്ട്. അതൊഴിവാക്കണം എന്നു പറയാൻ കൂടിയാണ് ഈ വാർത്ത സമ്മേളനം. ലോറിക്ക് അർജുൻ എന്ന് പേരിടും എന്നൊക്കെ പറഞ്ഞു. അതിൽ കുടുംബത്തിന് വിഷമം ഉണ്ടെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നു, ആ പേരിടില്ലെന്നും മനാഫ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!