അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി; സൈബർ ആക്രമണത്തിൽ അന്വേഷണം വേണമെന്നാവശ്യം

By Web TeamFirst Published Oct 3, 2024, 5:00 PM IST
Highlights

സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 

കോഴിക്കോട്: സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം പരാതി നൽകി. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയിരിക്കുന്നത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു . മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ.

Latest Videos

അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു. അര്‍ജുന്‍റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ആദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്. മനാഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്. കുടുംബത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. 

അർജുന് 75,000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തിയെന്നും  ഇതിന്‍റെ പേരിൽ രൂക്ഷമായ ആക്രമണമാണ് ഉണ്ടായതെന്നും കുടുംബം ചൂണ്ടിക്കാട്ടി. പല കോണിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങൾക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നുമായിരുന്നു കുടുംബം ആവശ്യപ്പെട്ടത്.

അർജുന്‍റെ കുട്ടിയെ വളർത്തുമെന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. മനാഫ് ആണ് ഇതിനു പിറകിലെന്നും ജിതിൻ ആരോപിച്ചു. ഫണ്ട് പിരിക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പലരും വീണു പോകുകയാണ്. അര്‍ജുൻ നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുകയാണ്. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരികയാണെന്ന് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.

Read More: വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു, ഇത് മൂലം നേരിടുന്നത് കടുത്ത സൈബർ ആക്രമണം; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

Read More: അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്, 'എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും'


 

click me!