മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

By Web Team  |  First Published Dec 2, 2024, 6:38 PM IST

സുപ്രീംകോടതി വിധികൾ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.


തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസി. കമ്മീഷണറാണ് റിപ്പോർട്ട് കമ്മീഷണർക്ക് നൽകിയത്.

സുപ്രീംകോടതി വിധികൾ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം. ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂ. മറ്റൊരാൾ പരാതി നൽകിയാൽ കേസെടുക്കുന്നതിൽ നിയമ തടസ്സമുണ്ട്. ഗ്രൂപ്പുകളിൽ ഏതെങ്കിലും പരാമർശം അടങ്ങിയ സന്ദേശങ്ങൾ ഇല്ല. അതിനാൽ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്.

Latest Videos

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻറെ സസ്പെൻഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.  കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണൻ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിശദീകരണം.

click me!