'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' മാത്രമല്ല, 'മല്ലു മുസ്ലിം ഓഫീസേഴ്സും' ഉണ്ടാക്കി, 'ഹാക്കിംഗ്' പരാതിയുമായി ഗോപാലകൃഷ്ണൻ

By Web Team  |  First Published Nov 4, 2024, 12:21 PM IST

'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' മാത്രമല്ല 'മല്ലു മുസ്ലിം ഓഫീസർസ്' എന്ന ഗ്രൂപ്പും തന്നെ അഡ്മിൻ ആക്കിക്കൊണ്ട് ഫോൺ ഹാക്ക് ചെയ്തവർ ഉണ്ടാക്കി എന്നാണ് ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നൽകിയ പുതിയ വിശദീകരണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദുക്കളായ ഐ ഐ എസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ തന്‍റെ ഫോൺ 'ഹാക്ക്' ചെയ്യപ്പെട്ടതാണെന്ന് ആവർത്തിച്ച് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് രംഗത്ത്. ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദ കനക്കുന്നതിനിടെ ഇന്നലെ തന്നെ അദ്ദേഹം ഹാക്കിംഗ് ആണ് സംഭവിച്ചതെന്ന് വിശദീകരണം നടത്തിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളാണ് ഇന്ന് ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' മാത്രമല്ല 'മല്ലു മുസ്ലിം ഓഫീസർസ്' എന്ന ഗ്രൂപ്പും തന്നെ അഡ്മിൻ ആക്കിക്കൊണ്ട് ഫോൺ ഹാക്ക് ചെയ്തവർ ഉണ്ടാക്കി എന്നാണ് ഗോപാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നൽകിയ പുതിയ വിശദീകരണം.

തന്‍റെ ഫോൺ ആരോ ഹാക്ക് ചെയ്തു എന്ന വിശദീകരണം ഗോപാലകൃഷ്ണൻ ആവർത്തിച്ചു. ഫോൺ ഹാക്ക് ചെയ്തവർ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ ചേർത്തുകൊണ്ട് തന്നെ അഡ്മിനാക്കി ഒരേ സമയം 11 ഗ്രൂപ്പുകൾ ഉണ്ടാക്കി എന്നും വ്യവസായ വകുപ്പ് ഡയറക്ടർ വിശദീകരിച്ചു. അതിൽ രണ്ട് ഗ്രൂപ്പുകളാണ് മല്ലു ഹിന്ദു ഓഫീസേഴ്‌സും മല്ലു മുസ്ലിം ഓഫീസേഴ്സുമെന്നും ഗോപാലകൃഷ്ണൻ വിവരിച്ചു. ഇക്കാര്യങ്ങളടക്കം ചൂണ്ടികാട്ടി സിറ്റി പൊലീസ്‌ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും വ്യവസായ വകുപ്പ് ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Latest Videos

undefined

വാട്സാപ്പ് ഗ്രൂപ്പ് വിവാദം ഇങ്ങനെ

സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് ദീപാവലിയുടെ തലേ ദിവസം 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' വാട്സ് ആപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. ഗോപാലകൃഷ്ണൻ ഐ എ എസ് ആയിരുന്നു അഡ്മിൻ. സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെ അംഗങ്ങളാക്കിക്കൊണ്ടാണ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്‍റെ ആശങ്ക പങ്കുവച്ചു. പിന്നാലെ ഇവർ ഗോപാലകൃഷ്ണൻ ഐ എ എസിനെ ബന്ധപ്പെട്ടതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണന്‍റെ സന്ദേശമെത്തി. ഫോൺ ആരോ ഹാക്ക് ചെയ്തെന്നും ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും പൊലീസിൽ അറിയിക്കുമെന്നും ഗോപാലകൃഷ്ണൻ സന്ദേശത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
 

click me!