നവീൻ ബാബുവിന്‍റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി, സിബിഐയോടും നിലപാട് തേടി

By Web Team  |  First Published Nov 27, 2024, 11:36 AM IST

അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി.


കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ സംസ്ഥാന പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. എ‍ഡിഎമ്മിന്‍റേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം  പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിന്‍റെ കുടുംബം കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.

സംസ്ഥാന പൊലീസ് അന്വേഷണത്തിൽ തങ്ങൾക്ക് ലവലേശം വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വാദം തുടങ്ങിയത്. പ്രതിയായ പിപി ദിവ്യ സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. രാഷ്ടീയ സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ് ഐ ടി എന്നത് പേരിന് മാത്രമാണ്. തെളിവുകൾ ശേഖരിക്കാൻ അവർക്ക് താൽപര്യമില്ല. പ്രതിയുമായി ചേർന്ന് രക്ഷപെടാനുളള വ്യാജതെളിവുകളുടെ ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റപത്രം സമർപ്പിക്കാൻ കോടതിയനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും  ആരാഞ്ഞു.  

Latest Videos

undefined

Also Read: എഡിഎം നവീൻ ബാബുവിന‍്‍റെ മരണം; സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് സതീശൻ, അന്വേഷണം പ്രഹസനമെന്നും കുറ്റപ്പെടുത്തൽ

അന്തിമ റിപ്പോ‍ർട്ട് നൽകിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുളള നിയമവഴികളുണ്ട്. അങ്ങനെ സംഭവിച്ചാൽ വ്യാജ തെളിവുകൾ കുത്തിനിറച്ച് പ്രതിയെ രക്ഷിച്ചെടുക്കാനുളള റിപ്പോർട്ടാകും കോടതിയിൽ എത്തുകയെന്നായിരുന്നു ഹർജിക്കാരിയുടെ മറുപടി. രാഷ്ട്രീയ സ്വാധീനത്തിനുമപ്പുറത്ത് പ്രതിയ്ക്ക് എങ്ങനെയാണ് കേസിനെ വഴി തെറ്റിക്കാൻ കഴിയുക എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ  ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയും ഹാജരാക്കണം. ഹർജി വിശദ വാദത്തിനായി അടുത്ത മാസം ആറിലേക്ക് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!