മൂന്ന് മാസം മുമ്പാണ് വിപിൻ ബാബു അവധിക്ക് മാവേലിക്കരയിലെത്തി മടങ്ങിയത്
മാവേലിക്കര: രക്ഷാ പ്രവർത്തനത്തിന് എത്തിയ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തവേ കടലിൽ പതിച്ച് ഹെലികോപ്ടറിന്‍റെ പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡപ്യൂട്ടി കമാൻഡന്‍റുമായ മലയാളിയടക്കമുള്ളവർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) വാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. നാല് പേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. കോപൈലറ്റിനടക്കം ജീവൻ നഷ്ടമായപ്പോൾ ഒരാൾ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്.
കുടുംബസമേതം ഡൽഹിയിലായിരുന്നു വിപിൻ ബാബുവിന്‍റെ താമസം. മൂന്ന് മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. പോർബന്തറിൽ നിന്നു അഹമ്മദാബാദിൽ എത്തിക്കുന്ന മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം ബുധനാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ കൊണ്ടുവരും. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കുമെന്നുമാണ് വിവരം. എയർഫോഴ്സ് റിട്ട. പരേതനായ ആർ സി ബാബുവിന്റെയും ശ്രീലത ബാബുവിന്റെയും മകനാണ് വിപിൻ ബാബു. ഭാര്യ : പാലക്കാട് പുത്തൻവീട്ടിൽ മേജർ ശിൽപ (മിലട്ടറി നഴ്സ്, ഡൽഹി) മകൻ : സെനിത് (5 വയസ്സ്). സഹോദരി: നിഷി ബാബു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം