പ്രതികളായവരെ പുറത്താക്കിയെന്ന് എസ്എഫ്ഐ ഏരിയാ കമ്മിറ്റി അറിയിച്ചു. കെഎസ്‌യു നേതാവിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല
മലപ്പുറം: കേരളത്തിലങ്ങോളമിങ്ങോളം ഏത് ക്യാംപസിലും ചിരവൈരികളെന്ന പോലെ എന്നും കൊമ്പുകോർത്തു നിൽക്കുന്ന രണ്ട് സംഘടനകളാണ് എസ്എഫ്ഐയും കെഎസ്‌യുവും. ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്താൻ കഴിയാത്ത വിധം സമ്മർദ്ദത്തിലായിരിക്കുകയാണ് മലപ്പുറം ഗവൺമെന്റ് കോളേജിലെ മോഷണക്കേസിൽ.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരടക്കം ഏഴ് വിദ്യാർത്ഥികളെയാണ് കോളേജിൽ നടന്ന വൻ മോഷണ കേസിൽ പൊലീസ് പിടികൂടിയത്. മോഷണം പോയതാകട്ടെ 11 ഇൻവർട്ടർ ബാറ്ററികളും പ്രൊജക്ടറും. ബാറ്ററികളെല്ലാം നേതാക്കളുൾപ്പെട്ട സംയുക്ത സംഘം ആക്രിക്കടയിൽ വിറ്റ് കാശാക്കി.
കഴിഞ്ഞയാഴ്ചയാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം കോളേജ് അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. ഒരു പൂർവ വിദ്യാർത്ഥിയും ഇപ്പോൾ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന ആറ് പേരുമാണ് കേസിൽ പ്രതികൾ. ആക്രിക്കടയിൽ ഇവ വിറ്റ് കിട്ടിയ പണം മുഴുവൻ അന്ന് തന്നെ ഇവർ ചെലവഴിച്ചു. പ്രൊജക്ടർ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടില്ല.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പുറമെ മൂന്ന് എസ്എഫ്ഐ പ്രവർത്തകരും മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. ഇവരെയെല്ലാം പുറത്താക്കിയെന്ന് മലപ്പുറം എസ്എഫ്ഐ ഏരിയാ കമ്മിറ്റി അറിയിച്ചു. എന്നാൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിനെതിരെ കെഎസ്‌യു നേതൃത്വം ഇതുവരെ നടപടിയെടുത്തതായി അറിയിച്ചിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കും. നഷ്ടപ്പെട്ട പ്രൊജക്ടറിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.