ട്രോളി വിവാദത്തില്‍ സിപിഎമ്മിൽ ഭിന്നത, കൃഷ്ണദാസിനെ തളളി സിപിഎം, 'കള്ളപ്പണം പാലക്കാട് എത്തി, ച‍ര്‍ച്ച ചെയ്യണം'

By Web Team  |  First Published Nov 8, 2024, 1:12 PM IST

കൈതോല പായയും ഈന്തപ്പഴത്തിന്റെ കുരുവും ചർച്ച ചെയ്തെങ്കിൽ ഇത് ചർച്ച ചെയ്യേണ്ടേ?


പാലക്കാട് : ട്രോളി കളളപ്പണ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. ട്രോളി വിവാദം അനാവശ്യമെന്ന് തുറന്നടിച്ച മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ തളളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണം പാലക്കാട്‌ എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

ട്രോളിയിൽ പണമുണ്ടോ ഇല്ലയോ എന്നത് പാർട്ടികളല്ല പൊലീസാണ് നോക്കേണ്ടതെന്നും പാലക്കാട്ട് വികസനം ചര്‍ച്ച ചെയ്യണമെന്നുമുള്ള കൃഷ്ണദാസിന്റെ പ്രസ്താവന തള്ളിയ സുരേഷ് ബാബു, കൃഷ്ണദാസ് പറഞ്ഞതിനെ തുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നും സിപിഎമ്മിൽ ഒരു പ്രതിസന്ധിയും അഭിപ്രായ ഭിന്നതയുമില്ലെന്നും വിശദീകരിച്ചു.

Latest Videos

ട്രോളി വിവാദം അനാവശ്യം, മഞ്ഞപ്പെട്ടി നീലപ്പെട്ടി എന്ന് പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്: എന്‍എന്‍കൃഷ്ണദാസ്

പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായി വരുന്ന എല്ലാ കാര്യവും ചർച്ച ചെയ്യണമെന്നാണ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞത്. കൈതോല പായയും ഈന്തപ്പഴത്തിന്റെ കുരുവും ചർച്ച ചെയ്തെങ്കിൽ ഇത് ചർച്ച ചെയ്യേണ്ടേ? പാലക്കാട് എല്ലാ ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്യുന്നുണ്ട്. എന്ത് വികസന കാര്യങ്ങളാണ് ചർച്ച ചെയ്യാത്തത്? പാലക്കാട് കള്ളപ്പണം വന്നിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുമ്പോൾ എല്ലാ കാര്യങ്ങളും പുറത്ത് വരും. ഷാഫി പറമ്പിലിന്റെ കാറിൽ കയറിയെന്നാണ് യുഡിഫ് സ്ഥാനാർഥി ആദ്യം പറഞ്ഞത്. കാറിൽ ഷാഫി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. 10 മീറ്റർ ദൂരം പോകാൻ ഒരു കാർ,  700 മീറ്റർ ദൂരം പോയപ്പോൾ മറ്റൊരു കാറിൽ കയറുന്നു. സിനിമയിൽ അധോലോക സംഘം ചെയ്യുന്നത് പോലെയായിരുന്നു ഇതെല്ലാം. കോൺഗ്രസ് നേതാക്കളുടെ കളളപ്പണത്തിനെതിരെ താൻ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ വിളിക്കുമെന്നാണ് കരുതുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.  

 

 

click me!