റെസ്ക്യൂ റേഞ്ച‍ർ മെയ്ഡ് ഇൻ കേരള! വെള്ളത്തിൽ മുങ്ങിപ്പോകുന്ന ആളെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് രക്ഷിക്കാം...

By Web Team  |  First Published Jun 11, 2023, 9:57 PM IST

റെസ്ക്യൂ റേഞ്ചർ എന്ന് പേരിട്ടിരിക്കുന്ന ഈ റിമോട്ട് കൺട്രോൾ ഉപകരണം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ലോകത്തിന് മാതൃകയാകുന്ന ഒരു മെയ്ഡ് ഇൻ കേരള സംവിധാനമായി മാറും


തിരുവനന്തപുരം: വെള്ളത്തിൽ മുങ്ങിപ്പോകുന്ന ആളെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ആശയം വികസിപ്പിച്ചെടുത്ത് ഡെക്സ്ചർ ഇന്നവേഷൻ ടെക്നോളജീസ് എന്ന കമ്പനി. ദുരന്തബാധിത പ്രദേശങ്ങളിൽ ഏത് സാഹചര്യത്തിലും 100 കിലോഗ്രാമോളം അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഇതിനൊപ്പമുണ്ട്. ഇത്തരത്തിലൊരു ആശയം വ്യവസായ വകുപ്പിന്‍റെ പിന്തുണയോടെയാണ് യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

റെസ്ക്യൂ റേഞ്ചർ എന്ന് പേരിട്ടിരിക്കുന്ന ഈ റിമോട്ട് കൺട്രോൾ ഉപകരണം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ലോകത്തിന് മാതൃകയാകുന്ന ഒരു മെയ്ഡ് ഇൻ കേരള സംവിധാനമായി മാറും. വെള്ളത്തിലുണ്ടാകുന്ന ദുരന്തങ്ങളിലും പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തിലും രക്ഷാപ്രവർത്തനം ദുർഘടമാകുന്ന ഘട്ടത്തിൽ ഏറെ സഹായകമാകുന്ന ഉപകരണം വികസിപ്പിക്കുകയും അതിന് പേറ്റന്‍റ് നേടിയിരിക്കുന്നതും ഡെക്സ്ചർ ഇന്നവേഷൻ ടെക്നോളജീസാണ്.

Latest Videos

undefined

ലോകത്തിലെ തന്നെ ആദ്യ മൾട്ടി പർപ്പസ് ജീവൻ രക്ഷാ സംവിധാനമായിട്ടാണ് ഈ ഉപകരണം ഡെക്സ്ചർ നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിൽ ഒഴുകിപ്പോകുന്ന ആളുകളെയും മുങ്ങിപ്പോകുന്ന ആളുകളെയും ഈ ഉപകരണം ഉപയോഗിച്ച് രക്ഷപ്പെടുത്താൻ സാധിക്കും. 30 കിലോമീറ്റർ വരെ സ്പീഡിൽ ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാനും ജീവൻ രക്ഷിക്കാനും റെസ്ക്യൂ റേഞ്ചറിന് സാധിക്കും. രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ ഉപകരണം വെള്ളത്തിനടിയിൽ മുങ്ങിപ്പോയവരെ കൃത്യമായി കണ്ടെത്തുന്നതിന് ഡുവൽ ഫ്രീക്വൻസി സെൻസർ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

വെള്ളത്തിനടിയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറ തത്സമയം ദൃശ്യങ്ങൾ പകർത്തി റിമോട്ട് കൺട്രോൾ സ്ക്രീനിൽ പ്രദർശിപ്പിക്കും.  ഇതിനൊപ്പം സെർച്ച് ലൈറ്റ്, ലോങ്ങ് റേഞ്ച് വാക്കീ-ടോക്കീ, ക്യാരി ബാഗ് സംവിധാനം, സൈറൺ, ഫ്രണ്ട് വ്യൂ ക്യാമറ തുടങ്ങിയ അവശ്യ സംവിധാനങ്ങളും ഉപകരണത്തിൽ തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ഇത്രയും ഉപകരണങ്ങൾ ലഭ്യമാക്കിക്കൊണ്ട് നിർമ്മിക്കുന്ന സംവിധാനത്തിന്‍റെ ലോഞ്ചിങ്ങ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിർവ്വഹിച്ചുവെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാന വ്യവസായ വകുപ്പിന്‍റെ ഇടപെടലിലൂടെ ഈ പ്രൊഡക്റ്റ് നിർമ്മിക്കാനാവശ്യമായ മുഴുവൻ തുകയും ബാങ്ക് അനുവദിച്ചിരുന്നു. പേറ്റന്‍റ് രജിസ്ട്രേഷനാവശ്യമായ എല്ലാ സഹായവും കേരള സ്റ്റാർട്ടപ്പ് മിഷൻ ചെയ്തുകൊടുത്തു. ഇത്രയും നൂതനമായ സംവിധാനം കേരളത്തിൽ തന്നെ ഡിസൈൻ ചെയ്ത്, കേരളത്തിൽ തന്നെ നിർമ്മിച്ചിരിക്കുന്നത് ഭാവിയിൽ തീർച്ചയായും ഏറെ സഹായകവും അഭിമാനകരവുമായ ഒരു കാര്യമായി മാറുമെന്ന് ഉറപ്പാണ്. മെയ്ക്ക് ഇൻ കേരള എന്ന സർക്കാരിന്‍റെ നയം കേരളത്തിന്‍റെ മുന്നേറ്റത്തിന്‍റെ കഥ പറഞ്ഞുതുടങ്ങുകയാണെന്നും രാജീവ് പറഞ്ഞു. 

പതിയിരിക്കുന്ന അപകടങ്ങള്‍, നിഗൂഢത; അനാക്കോണ്ടയും പിരാനയും വരെ, ഇന്ത്യയുടെ ഇരട്ടി വിസ്‌തൃതിയുള്ള ആമസോണ്‍

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!