തിരുവനന്തപുരത്തെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

By Web Team  |  First Published Jul 28, 2020, 12:59 PM IST

ജനജീവിതം സാധാരണ നിലയിലാക്കാനുള്ള ഇളവുകൾ കൊണ്ടുവരും. പരിശോധനകളുടെ എണ്ണം കൂടുമെന്നും കടകംപള്ളി പറ‍ഞ്ഞു.
 


തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാൽ ഇളവുകൾ കൊണ്ടുവരുന്നതില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍  ഇളവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം നഗരപരിധിയിൽ 22 ദിവസമായി ലോക്ഡൗണാണ്. കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായ തീരദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും. നിയന്ത്രണങ്ങൾ തുടരുമ്പോഴും രോഗവ്യാപനത്തിന് കുറവുണ്ടാകുന്നുമില്ല. മാത്രമല്ല നിയന്ത്രണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന വിലയിരുത്തലുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവുകൾ വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ശുപാർശ ചെയ്തത്. ഹോട്ടലുകളിൽ പാർസൽ അനുവദിക്കണം. കെഎസ്ആർടിസി ഓട്ടോ ടാക്സി ഉൾപ്പടെ പൊതുഗതാഗതസംവിധാനം തുടങ്ങണം എന്നീ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.

Latest Videos

undefined

നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സാധാരണ നിലയിലാക്കാനുള്ള ഇളവുകൾ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടുമെന്നും കടകംപള്ളി പറ‍ഞ്ഞു. വൈകുന്നേരം ചീഫ് സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് തന്നെ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും എന്നാണ് കരുതുന്നത്.

അതേസമയം, പൊഴിയൂരിലെയും പാറശ്ശാലയിലെയും കൊവിഡ് വ്യാപനം ഉയർന്നത് തലസ്ഥാനത്തെ ആശങ്ക വീണ്ടും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി അതിർത്തി പ്രദേശമായ പാറശ്ശാലയിൽ 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാറശ്ശാലയിലെയും പൊഴിയൂരിലെയും ലിമിറ്റഡ് കമ്മ്യൂണി ക്ലസ്റ്ററുകൾ ലാർജ്ജ് ക്ലസ്റ്ററുകളായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തമിഴ്നാടുമായുള്ള സമ്പർക്കമാണ് അതിർത്തി പ്രദേശമായ പാറശ്ശാലയിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. 183 രോഗികളാണ് ഇപ്പോൾ പാറശ്ശാലയിലുള്ളത്. ഇന്നലെ 14 പേർക്കും അതിന് തലേന്ന് 19 പേർക്കുമാണ് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടുമായി അതി‍ർത്തി പങ്കിടുന്ന കളയ്ക്കിളാവിളയിൽ അടക്കം കേസുകൾ ഉയർന്നതോടെ പാറശ്ശാലയിലാകെ പരിശോധനകൾ കൂട്ടിയിരുന്നു. ഇഞ്ചിവിള, അഞ്ചാമം, നെടുവാൻവിള, പരശ്ശുവയ്ക്കൽ എന്നീ മേഖലകളിലാണ് കൂടുതൽ രോഗികളും ഉള്ളത്. ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് ഇന്നലെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളായി തിരിഞ്ഞാണ് നിലവിൽ പരിശോധന. 101 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമാണ് പാറശ്ശാലയിലുള്ളത്. പാറശ്ശാല ലാർജ്ജ് ക്ലസ്റ്ററായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസങ്ങളിൽ പരിശോധനകൾ വ്യാപകമാക്കും.

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ഉൾപ്പെടുന്ന ആറ് തീരദേശവാർഡുകളിലാണ് ആശങ്ക കനക്കുന്നത്. മൂന്നാം തീരദേശ സോണിൽ പെടുന്ന ഇവിടെ നേരത്തെ തന്നെ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അറുപത് രോഗികളാണ് പൊഴിയൂരിൽ നിലവിലുള്ളത്. ഇന്നലെ നടന്ന 52 പരിശോധനകളിൽ ഒൻപത് പേരാണ് പോസിറ്റീവായത്. അമ്പതോളം സാമ്പിളുകളുടെ ഫലം വരാനുണ്ട്. ജില്ലയിലെ ഏഴ് ലാർജ്ജ് ക്ലസ്റ്റുകളുടെ സമീപപ്രദേശങ്ങളിലും രോഗവ്യാപനം ഉയരുകയാണ്. പക്ഷെ പരിശോധനകളുടെ എണ്ണത്തിൽ ഒരു മാറ്റവുമില്ല.

click me!