പൊഴിയൂരിലെയും പാറശ്ശാലയിലെയും കൊവിഡ് വ്യാപനം ഉയർന്നത് തലസ്ഥാനത്തെ ആശങ്ക വീണ്ടും ശക്തമാക്കുന്നു. തമിഴ്നാടുമായുള്ള സമ്പർക്കമാണ് പാറശ്ശാലയിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിന്റെ ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നൽകും. കണ്ടെയിന്‍മെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്ന് കോർപ്പറേഷൻ അറിയിച്ചു. അതേസമയം, പൊഴിയൂരിലെയും പാറശ്ശാലയിലെയും കൊവിഡ് വ്യാപനം ഉയർന്നത് തലസ്ഥാനത്തെ ആശങ്ക വീണ്ടും ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി അതിർത്തി പ്രദേശമായ പാറശ്ശാലയിൽ 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാറശ്ശാലയിലെയും പൊഴിയൂരിലെയും ലിമിറ്റഡ് കമ്മ്യൂണി ക്ലസ്റ്ററുകൾ ലാർജ്ജ് ക്ലസ്റ്ററുകളായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തമിഴ്നാടുമായുള്ള സമ്പർക്കമാണ് അതിർത്തി പ്രദേശയായ പാറശ്ശാലയിൽ രോഗികളുടെ എണ്ണം ഉയരുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. 183 രോഗികളാണ് ഇപ്പോൾ പാറശ്ശാലയിലുള്ളത്. ഇന്നലെ 14 പേർക്കും അതിന് തലേന്ന് 19 പേർക്കുമാണ് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കളയിക്കാവിളയിൽ അടക്കം കേസുകൾ ഉയർന്നതോടെ പാറശ്ശാലയിലാകെ പരിശോധനകൾ കൂട്ടിയിരുന്നു.
undefined
ഇഞ്ചിവിള, അഞ്ചാമം, നെടുവാൻവിള, പരശ്ശുവയ്ക്കൽ എന്നീ മേഖലകളിലാണ് കൂടുതൽ രോഗികളും ഉള്ളത്. ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് ഇന്നലെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളായി തിരിഞ്ഞാണ് നിലവിൽ പരിശോധന. 101 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രമാണ് പാറശ്ശാലയിലുള്ളത്. പാറശ്ശാല ലാർജ്ജ് ക്ലസ്റ്ററായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത ദിവസങ്ങളിൽ പരിശോധനകൾ വ്യാപകമാക്കും.
കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ഉൾപ്പെടുന്ന ആറ് തീരദേശവാർഡുകളിലാണ് ആശങ്ക കനക്കുന്നത്. മൂന്നാം തീരദേശ സോണിൽ പെടുന്ന ഇവിടെ നേരത്തെ തന്നെ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അറുപത് രോഗികളാണ് പൊഴിയൂരിൽ നിലവിലുള്ളത്. ഇന്നലെ നടന്ന 52 പരിശോധനകളിൽ ഒൻപത് പേരാണ് പോസിറ്റീവായത്. അമ്പതോളം സാമ്പിളുകളുടെ ഫലം വരാനുണ്ട്. ജില്ലയിലെ ഏഴ് ലാർജ്ജ് ക്ലസ്റ്റുകളുടെ സമീപപ്രദേശങ്ങളിലും രോഗവ്യാപനം ഉയരുകയാണ്. പക്ഷെ പരിശോധനകളുടെ എണ്ണത്തിൽ ഒരു മാറ്റവുമില്ല.