കൂറുമാറ്റത്തിന് 100 കോടി കോഴ: ശക്തമായ നടപടി വേണമെന്ന് എൽഡിഎഫിൽ പൊതുവികാരം; മുഖ്യമന്ത്രി മൗനത്തിൽ

By Web TeamFirst Published Oct 26, 2024, 1:27 PM IST
Highlights

കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം 

തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം. ഉചിതമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആരോപണം ശരിയെങ്കിൽ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയിൽ ചര്‍ച്ചക്ക് വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്നായിരുന്നു എകെ ശശീന്ദ്രന്‍റെ നിലപാട്.  

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം. കോഴ നൽകി എംഎൽഎമാരെ ചാടിക്കാനുളള ശ്രമം നടന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് ചെയ്തെന്നാണ് ചോദ്യം. അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിൽ സിപിഎമ്മിനകത്ത് തന്നെ അതൃപ്തരുണ്ട്. ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. മുഖ്യമന്ത്രി പക്ഷെ ഇപ്പോഴും മൗനം തുടരുകയാണ്. 

Latest Videos

നൂറ് കോടി കോഴ വിവാദം; 'അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകും'; ആരോപണങ്ങൾ തള്ളി തോമസ് കെ തോമസ്

മന്ത്രിസ്ഥാനത്തിലെ അടിപിടിക്ക് പിന്നാലെ വീണുകിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് എകെ ശശീന്ദ്രൻ വിഭാഗം. കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് എകെ ശശീന്ദ്രനും വ്യക്തമാക്കുന്നു.

എല്ലാം നിഷേധിച്ച് എഴുതി നൽകിയ വിശദീകരണം മുഖ്യമന്ത്രി മുഖവിലക്കെടുക്കാത്തതിൽ തോമസ് കെ തോമസും അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തുടര്‍ നീക്കങ്ങൾക്കാണ് ആലോചന. ബിജെപി അനുകൂല ഡീൽ വ്യക്തമായിട്ടും മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷവും വിമര്‍ശിക്കുന്നു.

തോമസ് കെ തോമസ് 100 കോടി വാഗ്ദാനം: പ്രതികരിച്ച് ആന്റണി രാജു, 'മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല'

click me!