ലോക കേരള സഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തൽ
കോഴിക്കോട്: പ്രവാസി വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞതദ്. എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമർശനം. ലോക കേരള സഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തൽ.
'യോഗിയെ നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിയെ നിങ്ങൾക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാർക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും. ഇത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങൾ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ നിങ്ങളാര്? ഞങ്ങളുടെ നേതാക്കൾ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടിൽ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്'- എന്നാണ് കെഎം ഷാജി പറഞ്ഞത്. എന്നാൽ എം എ യൂസഫലിയുടെ പേര് ഒരിടത്തും പരാമർശിച്ചിരുന്നില്ല.