അന്ന് ഷാഫി പറമ്പിലിന് എൽഡിഎഫ് വോട്ട് മറിച്ചു, ആ ഡീല്‍ ഇത്തവണ പൊളിയുമെന്ന് കെ. സുരേന്ദ്രന്‍

By Web TeamFirst Published Oct 21, 2024, 7:19 PM IST
Highlights

ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നത് യുഡിഎഫ് നേതാക്കളെക്കാള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. 

ദില്ലി: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ പ്രതികരിക്കാന്‍ തയ്യാറാകാത്തത് വസ്തുതകളെ അംഗീകരിക്കലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മെട്രോമാന്‍ ഇ. ശ്രീധരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാഫി പറമ്പിലിന് എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. അന്നത്തെ ഡീലിനെക്കുറിച്ച് അറിയുന്ന നേതാവാണയാളെന്നും സുരേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു.

ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ എ.കെ. ബാലന്‍ പറഞ്ഞത് പാലക്കാട്ടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശരിയായ തീരുമാനം എടുത്തു എന്നാണ്. അന്നത്തെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നത് യുഡിഎഫ് നേതാക്കളെക്കാള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് - എല്‍ഡിഎഫ് ഡീല്‍ ആവര്‍ത്തിക്കാന്‍ ആണ് ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും, അതിന് തക്കതായ മറുപടി നല്‍കും. ആ ഡീല്‍ ഇത്തവണ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

മെട്രോമാനെ പോലെ ഉള്ള ഒരാളെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലമാണ് ഇപ്പോള്‍ പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തന്നെ പുറത്തുവന്ന് രാഷ്ട്രീയത്തിന് പകരം വര്‍ഗീയതയാണ് കോണ്‍ഗ്രസ്സ് ഉപയോഗിച്ചതെന്ന് തുറന്നുപറയുന്നു. ഈ ഉപതെരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം എടുക്കേണ്ട ആയുധങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ആദ്യം തന്നെ എടുക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു. ചില മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത് കൊണ്ട് ആവേശം മൂത്ത് അവസാന ലാപ്പില്‍ എടുക്കേണ്ട ആയുധങ്ങള്‍ ആദ്യത്തെ ലാപ്പില്‍ എടുത്തു എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിലയിരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ 756 കോടി രൂപ കേരള സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

READ MORE: ഇത് 'അതിരില്ലാത്ത' സ്നേഹം; ബിജെപി നേതാവിന്റെ മകന് വധു പാകിസ്ഥാനിൽ നിന്ന്, നിക്കാഹ് ഓൺലൈനിൽ

click me!