കണ്ണൂര്‍ സര്‍വകലാശാലയിലെ സാഹിത്യോത്സവം സിപിഎം പരിപാടിയാക്കിയെന്ന് കെഎസ്‌യു

By Web TeamFirst Published Nov 29, 2023, 6:53 AM IST
Highlights

ടി പത്മനാഭൻ ഉദ്ഘാടനം ചെയ്ത സാഹിത്യോത്സവത്തിന്‍റെ സമാപന ചടങ്ങിൽ ഉദയനിധി സ്റ്റാലിനാണ് മുഖ്യാതിഥി

കണ്ണൂർ: കണ്ണൂര്‍ സ‍ർവകലാശാല സാഹിത്യോത്സവം സിപിഎം പരിപാടിയാക്കിയെന്ന് ആക്ഷേപം. സർവകലാശാല ഫണ്ട് ചെലവിടുന്ന പരിപാടിക്ക് സിപിഎം നേതാക്കളെയും സഹയാത്രികരെയും മാത്രം ക്ഷണിച്ചെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. പ്രതിപക്ഷ വിദ്യാർത്ഥി നേതാക്കളെയും വിളിച്ചിട്ടുണ്ടെന്ന് യൂണിയൻ വിശദീകരിക്കുന്നു. 

മൂന്ന് ദിവസം നീളുന്നതാണ് സര്‍വകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം. അറുപതോളം സെഷനുകളിൽ നിരവധി പ്രമുഖരാണ് അതിഥികളായി പങ്കെടുക്കുന്നത്. അതിഥികളെ തെരഞ്ഞെടുത്തതിലാണ് കെഎസ്‍യു വിമ‍ര്‍ശനം ഉന്നയിക്കുന്നത്. പികെ ശ്രീമതിയും പി ജയരാജനും എം സ്വരാജും മുതൽ ജെയ്ക് സി തോമസ് വരെയുള്ള സിപിഎം നേതാക്കളുടെ നീണ്ട നിരയാണ് ഇതിലുള്ളത്. എന്നാൽ കണ്ണൂരിന്‍റെ വികസനം വിഷയമാകുന്ന സെഷനിൽ പോലും സ്ഥലം എംപി കെ സുധാകരനോ കോൺഗ്രസുകാരനായ കണ്ണൂര്‍ മേയറോ ഇല്ല.

Latest Videos

സർവകലാശാലയുടെ പണം ഉപയോഗിച്ച് നടത്തുന്ന പരിപാടിയുടെ ഉദ്ദേശശുദ്ധി ഇതിലൂടെ വ്യക്തമല്ലേയെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ചോദിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് പോലും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളെ ക്ഷണിച്ചില്ലെന്നും ഇവ‍ര്‍ പരാതി ഉന്നയിച്ചു.

എന്നാൽ കെഎസ്‌യു ആക്ഷേപങ്ങൾ സർവകലാശാല യൂണിയൻ തളളി. ക്യാമ്പസുകൾ രാഷ്ട്രീയമോ അരാഷ്ട്രീയമോ എന്ന സെഷനിൽ കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനടക്കം ക്ഷണമുണ്ടെന്നാണ് മറുപടി. ഇത് കണ്ണിൽ പൊടിയിടാനാണെന്ന് പ്രതിപക്ഷ സംഘടനകൾ പറയുന്നു. പങ്കെടുക്കുന്നവരുടെ ചിത്രമുളള പോസ്റ്ററുകളിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്‍റും ഉണ്ടെങ്കിലും കെഎസ്‍യു, എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻമാരെ ഉൾപ്പെടുത്തിയിട്ടില്ല. ടി പത്മനാഭൻ ഉദ്ഘാടനം ചെയ്ത സാഹിത്യോത്സവത്തിന്‍റെ സമാപന ചടങ്ങിൽ ഉദയനിധി സ്റ്റാലിനാണ് മുഖ്യാതിഥി.

അബിഗേലിനെ കണ്ടെത്തി | Abigail Sara found | Asianet News Live

click me!