സ്ഥാനമൊഴിയാൻ കത്ത്, പിന്നാലെ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു, കാരണവും അറിയിച്ചു

By Web TeamFirst Published Feb 8, 2024, 6:37 PM IST
Highlights

സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അവധിയെടുത്തത്. കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനില്‍ക്കെയാണ് അവധി. എന്നാല്‍, ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ കാരണമാണ് അവധി എന്നാണ് വിശദീകരണം. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം ഒരു ദിവസം മാത്രമാണ് കെഎസ്ആര്‍ടിസി ഓഫീസിലെത്തിയത്. പിന്നീട് കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ഗതാഗത സെക്രട്ടറി എന്ന നിലയില്‍ സെക്രട്ടറിയേറ്റിലെ ഓഫിസില്‍ ജോലിക്ക് എത്തുകയും ചെയ്തിരുന്നു

എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിയാന്‍  സന്നദ്ധത അറിയിച്ചതായാണ് വിവരം.ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കെഎസ്ആര്‍ടിസിയിലെ നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടെ ഗണേഷ്കുമാര്‍ ഏകപക്ഷീയമായ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണവും ഇതിനുപിന്നാലെ ഉയര്‍ന്നു. ഗണേഷ് കുമാര്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ ബിജു പ്രഭാകര്‍ സ്ഥാനമൊഴിയുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനിടെയാണ് സ്ഥാനമൊഴിയാൻ ചീഫ് സെക്രട്ടറിയക്ക് കത്ത് നല്‍കിയത്. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നുവന്നിരുന്നു. സ്ഥാനമൊഴിയുന്നത് സംബന്ധിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

Latest Videos


ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഗണേഷ്കുമാര്‍ ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. വാർഷിക കണക്ക് ചോർന്നതിൽ ഗതാഗത മന്ത്രി വിശദീകരണവും തേടിയിരുന്നു. വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും തട്ടിച്ചുനോക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പക്ഷം. ഈ നിലയില്‍ തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പങ്കുവച്ചതോടെ എതിര്‍പ്പും ശക്തമായി. ഈ പശ്ചാത്തലത്തിലാണ് കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. ബിജു പ്രഭാകര്‍ വിദേശത്തായതിനാല്‍ ജോയിന്‍റ്  എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

ഓഫീസിൽ പോകാതെ കെഎസ്ആർടിസി എംഡി ബിജു പ്രഭാക‍ർ, ഒടുവിൽ നിര്‍ണായക തീരുമാനം, സ്ഥാനമൊഴിയാൻ കത്ത് നൽകി

 

click me!