ചിട്ടി ക്രമക്കേട്; 35 കെഎസ്എഫ്ഇ ഓഫീസുകളിൽ ക്രമക്കേട് കണ്ടെത്തി, വിജിലൻസിന്‍റെ മിന്നൽ പരിശോധന ഇന്നും തുടരും

By Web Team  |  First Published Nov 28, 2020, 8:58 AM IST

ഓപ്പറേഷൻ ബചത് റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ചട്ടലംഘനങ്ങൾ. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തൽ.


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന ഇന്നും തുടരും. ഓപ്പറേഷൻ ബചത് എന്ന പേരിലാണ് ഇന്നലെ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയില്‍ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തി. പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തല്‍. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാനാണോ ഇതെന്നും സംശയമുണ്ട്.

ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നാണിത്. റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേര്‍ 20 ചിട്ടിയിൽ ചേർന്നതായി കണ്ടെത്തി. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നിരിക്കുന്നു. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തൽ. 

Latest Videos

click me!