സിം കാർഡിൽ കുരുങ്ങി, എക്സൈസ് സേനയ്ക്കാകെ നാണക്കേടായി ഉദ്യോഗസ്ഥൻ്റെ അറസ്റ്റ്; പിടിയിലായത് ഫോൺ മോഷ്‌ടിച്ചതിന്

By Web Team  |  First Published Dec 3, 2024, 9:12 PM IST

വാറ്റ് കേസിൽ അറസ്റ്റിലായ ചിതറ മാങ്കോട് സ്വദേശി അൻസാരിയുടെ ഫോൺ മോഷ്ടിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ


കൊല്ലം: ചിതറയിൽ വാറ്റ് കേസ് പ്രതിയുടെ വീട്ടിൽ കവർച്ച നടന്ന കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചടയമംഗലത്തെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീസിൻ്റെ പിടിയിലായത്. ചിതറ മാങ്കോട് സ്വദേശി അൻസാരിയുടെ വീട്ടിൽ നിന്നാണ് സ്വർണവും മൊബൈൽ ഫോണും മോഷണം പോയത്. 

കഴിഞ്ഞ വർഷം ഡിസംബറിലാണ് വാറ്റ് കേസിൽ ചിതറ സ്വദേശി അൻസാരിയെ എക്സൈസ് പിടികൂടിയത്. സംഭവത്തിൽ അൻസാരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഷൈജു അടക്കം 6 എക്സൈസ് ഉദ്യോഗസ്ഥർ അന്ന് പരിശോധനയ്ക്ക് ഉണ്ടായിരുന്നു. റിമാൻഡിലായ അൻസാരി 42 ദിവസം ജയിലിൽ കഴിഞ്ഞു. ശിക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സ്വർണമാലയും ലോക്കറ്റും  മോബൈൽ ഫോണും വീട്ടിൽ നിന്നും മോഷണം പോയെന്ന് മനസിലാക്കിയത്. 

Latest Videos

undefined

ചിതറ പൊലീസിൽ അന്ന് പരാതി നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഒടുവിൽ  അൻസാരിയുടെ മൊബൈൽ ഫോൺ എക്സൈസ് ഉദ്യോഗസ്ഥനായ ഷൈജുവിന്റെ സിം ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് മനസിലാക്കി. ഫോൺ ചിതറ പൊലീസ് ഷൈജുവിൻ്റെ പക്കൽ നിന്ന് കണ്ടെത്തി. തുടർന്ന് ഷൈജുവിനെ അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. അൻസാരിയുടെ വീട്ടിലെ പരിശോധനയ്ക്ക് ഷൈജുവിനൊപ്പം ഉണ്ടായിരുന്ന മറ്റ് എക്സൈസ്  ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

click me!