സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ പോകാൻ കെഎം എബ്രഹാം; തന്നെ കേട്ടില്ലെന്ന് പരാതി; സർക്കാരും ഒപ്പം

അനധികൃത സ്വത്തു സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ കിഫ്ബി സിഇഒ കെ.എം എബ്രഹാം അപ്പീൽ നൽകും

KM Abraham to file appeal plea against CBI investigation

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം. അഭിഭാഷമാരുമായി ആശയ വിനിമയം നടത്തി. തന്റെ വാദം കേട്ടിലെന്ന എബ്രഹാമിന്റ് നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരും. 

കിഫ്ബി സിഇഒ കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ആധാരമായ പ്രാധാന കാരണങ്ങളില്‍ ഒന്നാണ് കൊല്ലം കടപ്പാക്കടയിലെ വാണിജ്യസമുച്ചയം. കെട്ടിടത്തില്‍ എബ്രഹാമിനും ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതാണ് കേസിൽ നിർണായകമായത്. എന്നാല്‍ സഹോദരന്‍മാര്‍ക്കൊപ്പം കെട്ടിടം പണിയാനുണ്ടാക്കിയ ധാരണാപത്രം കോടതി പരിഗണിച്ചില്ലെന്നാണ് കെ.എം എബ്രഹാമിന്‍റെ വിമര്‍ശനം.

Latest Videos

ബാങ്ക് അടക്കം പ്രവര്‍ത്തിക്കുന്നതാണ് കടപ്പാക്കടയിലെ ബഹുനില കെട്ടിടം. തനിക്കും സഹോദരന്മാര്‍ക്കുമായി ലഭിച്ച പാരമ്പര്യ സ്വത്തില്‍ വാണിജ്യ സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചുവെന്ന് എബ്രഹാം കോടതിയിൽ പ്രതികരിച്ചു. തന്‍റെ സമ്പാദ്യം പര്യാപ്തമല്ലെന്ന് കണ്ടപ്പോള്‍ സഹോദരങ്ങള്‍ ധനസഹായം നല്‍കാന്‍ സമ്മതിച്ചു. അവരുടെ നിക്ഷേപം തിരിച്ചു പിടിക്കുന്നതുവരെ അവകാശം സ്ഥിരീകരിക്കുന്നതിനാണ് ധാരണാപത്രം ഒപ്പിട്ടത്. സുതാര്യമായ ബാങ്ക് രേഖകള്‍ ഉള്ള ഈ ഇടപാട് വിജിലന്‍സിന് ബോധ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ധാരണയുടെ സാധുതയെ ചോദ്യം ചെയ്തതെന്നുമായിരുന്നു കിഫ്ബിയിലെ ജീവനക്കാര്‍ക്ക് കെ.എം എബ്രഹാം നല്‍കിയ വിഷുദിന സന്ദേശത്തിലെ വിമര്‍ശനം.

കെട്ടിടം പണിയുന്നതിന് കൊല്ലം കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച അനുമതി പത്രം അടക്കം ഹര്‍ജിക്കാരന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയതാണ് കെ.എം എബ്രഹാമിന് തിരിച്ചടിയായത്. 8 കോടി രൂപയുടെ സമുച്ചയം സഹോദരന്‍റെ പേരിലായതിനാലാണ് സ്വത്തു വിവരത്തില്‍ ഉള്‍പ്പെടുത്താത് എന്നാണ് കെ.എം.എബ്രഹാം വിജിലന്‍സിന് നല്‍കിയ മൊഴിയെന്ന് ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ഇനിയുള്ള സിബിഐ അന്വേഷണത്തിലും കോടതി നടപടികളിലും കടപ്പാക്കടയിലെ സമുച്ചയവും വിവാദമായി ഉയര്‍ന്നു നില്‍ക്കും. കെട്ടിടം അടക്കമുള്ള വിഷയങ്ങളില്‍ അപ്പീലുമായി പോകാനാണ് കെ.എം എബ്രഹാമിന്‍റെ നീക്കം.

vuukle one pixel image
click me!