
പത്തനംതിട്ട: തിരുവല്ല കിഴക്കൻ ഓതറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു. ഏറെ നാളായുള്ള സാന്പത്തിക തർക്കത്തിനൊടുവിലാണ് 34കാരൻ മനോജിനെ ബന്ധുവും അയൽവാസിയുമായ രാജൻ കൊലപ്പെടുത്തിയത്. പരിക്കേറ്റ രാജനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. കിഴക്കൻ ഓതറ സ്വദേശി രാജന്‍റെ വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ബന്ധുവും അയൽവാസിയുമായി മനോജ് കൊല്ലപ്പെട്ടത്. ഇരുവർക്കുമിടയിലെ വൈരാഗ്യത്തിനു കാരണമായി പൊലീസ് പറയുന്ന കാരണം ഇങ്ങനെ:
രാജന് ലൈഫ് പദ്ധതിയിൽ വീടിന് പണം അനുവദിച്ചിരുന്നു. എടിഎം ഉപയോഗം വശമില്ലാത്തതിനാൽ മനോജിന്‍റെ മകൻ വഴിയാണ് പണം പിൻവലിച്ചിരുന്നത്. എന്നാൽ എട്ടുമാസം മുൻപ് രാജന്‍ അറിയാതെ ഒരു ലക്ഷത്തോളം രൂപ മനോജിന്‍റെ മകൻ കൈക്കലാക്കി. ഇതിന്‍റെ പേരിൽ തർക്കം നിലനിന്നിരുന്നു. വീട് പണി പൂർത്തിയാക്കാത്തതിന് കഴിഞ്ഞ ദിവസം രാജന് പഞ്ചായത്ത് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതോടെ തർക്കം രൂക്ഷമായി.
ഇന്നലെ രാത്രി മറ്റൊരു സുഹൃത്തിന്‍റെ സാന്നിധ്യത്തിൽ ഇക്കാര്യം രാജനും മനോജും സംസാരിച്ചു. ഒടുവിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. വെറ്റില ചെല്ലത്തിലിരുന്ന കത്തി എടുത്ത് രാജൻ മനോജിന്‍റെ നെഞ്ചിൽ കുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മനോജിന്‍റെ ജീവൻരക്ഷിക്കാനായില്ല. പ്രതി രാജനെ തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അടിപിടിയിൽ പരിക്കേറ്റതിനാൽ കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam