പിജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ചവരുടെയടക്കം മൊഴിയെടുക്കും; പ്രചരിച്ച വീഡിയോ സംബന്ധിച്ചും അന്വേഷണം

പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടർ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയം

PG Manu death Case Police continues probe will question woman who raised rape complaint

കൊല്ലം: കൊല്ലത്തെ വാടക വീട്ടിൽ ഹൈക്കോടതി അഭിഭാഷകൻ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടർ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. കൂടാതെ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തും.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് ആനന്ദവല്ലീശ്വരത്തെ വാടക വീട്ടില്‍ പി.ജി മനു തൂങ്ങിമരിക്കുന്നത്. ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗം അഭിഭാഷകനായ മനു കോടതി നടപടികള്‍ക്കായി കൊല്ലത്ത് എത്തിയതായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ മരണത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് മുൻ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നത്. 

Latest Videos

പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ആരോപണം ഉന്നയിച്ച കുടുംബത്തില്‍ നിന്നും മൊഴിയെടുക്കും. അഡ്വ.ബി.എ ആളൂരിന്‍റെ അഭിഭാഷക സംഘത്തില്‍ പ്രവര്‍ത്തിച്ചു വരെയാണ് പി.ജി മനുവിന്‍റെ മരണം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മനു കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്ന് ആളൂര്‍ വ്യക്തമാക്കി. ദൃശ്യം ചിത്രീകരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആളൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

vuukle one pixel image
click me!