വിക്കറ്റിന് പിന്നില്‍ ഡബിള്‍ സെഞ്ചുറി; ഐപിഎല്ലില്‍ 200 ബാറ്റര്‍മാരെ പുറത്താക്കുന്ന ആദ്യ കീപ്പറായി എം എസ് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 200 ഡിസ്‌മിസലുകള്‍ സ്വന്തമാക്കുന്ന ആദ്യ കീപ്പറെന്ന നേട്ടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി സ്വന്തമാക്കിയത്

IPL 2025 LSG vs CSK MS Dhoni became the first Wicket keeper to completes 200 dismissals in IPL

ലക്നൗ: നാൽപ്പത്തിമൂന്നാം വയസിലും ധോണി മാജിക്കിന് കോട്ടമൊന്നുമില്ല, ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് കൂടി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണി പിന്നിട്ടു. 200 ബാറ്റർമാരെ പുറത്താക്കുന്ന ആദ്യ കീപ്പറെന്ന നേട്ടമാണ് ധോണി ഇന്നലെ സ്വന്തമാക്കിയത്. എം എസ് ധോണി ചരിത്ര നേട്ടത്തിലേക്ക് എത്തിയത് സിഎസ്‌കെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ പന്തിൽ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് ബാറ്റര്‍ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്ത് പുറത്താക്കി. മത്സരത്തില്‍ ലക്നൗവിന്‍റെ ടോപ് സ്കോററായി മാറിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ ക്യാച്ചും ധോണിയുടെ പേരിലായിരുന്നു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഡിസ്‌മിസലുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ദിനേശ് കാർത്തിക്കിന്‍റെ പേരിനൊപ്പമുള്ളത് 182 ഔട്ടുകളാണ്. വൃദ്ധിമാന്‍ സാഹയാണ് മൂന്നാംസ്ഥാനത്ത്. 

Latest Videos

മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ വിജയിച്ചതോടെ ഐപിഎല്‍ പതിനെട്ടാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം ജയത്തിലെത്തി. അഞ്ച് മത്സരങ്ങളുടെ തുടര്‍ തോല്‍വിക്ക് സിഎസ്‌കെ വിരാമമിട്ടു. ചെന്നൈ 5 വിക്കറ്റിന് ലക്നൗവിനെ തോൽപിക്കുകയായിരുന്നു. ലക്നൗവിന്‍റെ 166 റൺസ് ചെന്നൈ മൂന്ന് പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. 11 പന്തിൽ 26* നോട്ടൗട്ടുമായി എം എസ് ധോണി ഒരു ഇടവേളയ്ക്ക് ശേഷം സിഎസ്‌കെയുടെ ഫിനിഷറായി. ഫോമിലേക്ക് തിരിച്ചെത്തിയ ശിവം ദുബെ 43* നോട്ടൗട്ടുമായും തിളങ്ങി. ദേവോണ്‍ കോൺവേയ്ക്ക് പകരം അരങ്ങേറിയ ഷെയ്ഖ് റഷീദ് 27 ഉം, രച്ചിൻ രവീന്ദ്ര 37 ഉം റൺസെടുത്ത് നൽകിയ തുടക്കവും സിഎസ്‌കെ വിജയവഴിയിൽ തിരിച്ചെത്തുന്നതിൽ നിർണായകമായി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ ഈ സീസണില്‍ ആദ്യമായി ഫോമിലേക്കെത്തിയ ക്യാപ്റ്റൻ റിഷഭ് പന്താണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റിഷഭ് 49 പന്തിൽ 63 റൺസ് നേടി. അപകടകാരികളായ എയ്‌ഡന്‍ മാ‍ർക്രത്തെയും നിക്കോളാസ് പുരാനെയും രണ്ടക്കം കാണാതെ മടക്കിയാണ് ചെന്നൈ കളി പിടിച്ചത്. 30 റൺസെടുത്ത മിച്ചല്‍ മാർഷിനെ വീഴ്ത്തി രവീന്ദ്ര ജഡേജയുടെ പ്രഹരവും നിര്‍ണായകമായി. ജയിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാന സ്ഥാനത്ത് തുടരുന്നു. അതേസമയം ലക്നൗവിന്‍റെ നാലാം സ്ഥാനത്തിന് ഇളക്കമില്ല.

Read more: ധോണി ഷോയില്‍ ലക്‌നൗ വീണു! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

vuukle one pixel image
click me!