ബജറ്റിൽ കുത്തനെ കൂട്ടി, ഒടുവിൽ തിരുത്തി സര്‍ക്കാര്‍; കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

By Web Team  |  First Published Jul 12, 2024, 7:16 PM IST

പുതിയ തീരുമാനം അനുസരിച്ച് കുടുംബ കോടതിയിൽ വരുന്ന സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിൽ ഇളവ് വരുത്തി


തിരുവനന്തപുരം: കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളിൽ അടക്കം കോടതി ഫീസുകളിൽ വരുത്തിയ വര്‍ധനവിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയി. സംസ്ഥാന ബജറ്റിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തി ഫീസ് നിരക്ക് വര്‍ധിപ്പിക്കാനെടുത്ത തീരുമാനത്തിലാണ് ഇളവ് വരുത്തിയത്. സര്‍ക്കാരിൻ്റെ നീക്കം സ്ത്രീകൾക്ക് വലിയ തോതിൽ വിനയാകുമെന്ന് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ തീരുമാനം അനുസരിച്ച് കുടുംബ കോടതിയിൽ വരുന്ന സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിൽ ഇളവ് വരുത്തി. താമസത്തിനുള്ള വീട് ഒഴിവാക്കിയുള്ള വസ്തുവകകൾ മാത്രം വ്യവഹാരത്തിനായി പരിഗണിച്ചാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. ഇതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കോർട്ട് ഫീ സ്റ്റാമ്പിന് വിവിധ സ്ലാബുകളാക്കി ഫീസ് മാറ്റി നിശ്ചയിച്ചു. അഞ്ച് ലക്ഷം വരെയുള്ള വ്യവഹാരങ്ങളിൽ നേരത്തെ 50 രൂപയായിരുന്ന ഫീസ് ബജറ്റിൽ നിര്‍ദ്ദേശിച്ച 200 രൂപയായി തുടരും. അഞ്ച് മുതൽ 20 ലക്ഷം വരെയുള്ള വ്യവഹാരങ്ങൾക്ക് 500 രൂപയാണ് പുതിയ നിരക്ക്. 20 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വ്യവഹാരങ്ങൾക്ക് 1000 രൂപയാണ് പുതിയ ഫീസ്. 50 ലക്ഷം മുതൽ 1 കോടി രൂപ വരെയാണ് വ്യവഹാര തുകയെങ്കിൽ 2000 രൂപ ഫീസും ഒരു കോടി രൂപയ്ക്ക് മുകളിലെ വ്യവഹാരങ്ങൾക്ക് 5000 രൂപയും ഫീസായി നൽകണം. ഈ കേസുകളിൽ അപ്പീൽ പോവുകയാണെങ്കിൽ 5 ലക്ഷം രൂപ വരെ 100 രൂപ ഫീസും 5 ലക്ഷത്തിന് മുകളിൽ 20 ലക്ഷം വരെ 250 രൂപ ഫീസും, 20 മുതൽ 50 ലക്ഷം വരെ 500 രൂപ ഫീസും 50 ലക്ഷം മുതൽ 1 കോടി രൂപ വരെ 1000 രൂപ ഫീസും ഒരു കോടി രൂപയ്ക്ക് മുകളിൽ 2500 രൂപ ഫീസും പുതുക്കി നിശ്ചയിച്ചു.

Latest Videos

undefined

Read more: 50 രൂപ ഫീസ് ഒറ്റയടിക്ക് 2 ലക്ഷം വരെയാക്കി: സംസ്ഥാന ബജറ്റിലെ കാണാക്കുരുക്ക്, വിനയാകുക സ്ത്രീകൾക്ക്

ചെക്ക് കേസുകളിൽ അമ്പതിനായിരം രൂപ വരെയുള്ള വ്യവഹാരങ്ങൾക്ക് 250 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒടുക്കണം. 50000 മുതൽ 2 ലക്ഷം രൂപ വരെ 500 രൂപയും 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 750 രൂപയും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ 1000 രൂപയും കോര്‍ട് ഫീ ഒടുക്കണം. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ 2000 രൂപയും 20 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ 5000 രൂപയും 50 ലക്ഷത്തിന് മുകളിൽ പതിനായിരം രൂപയുമാണ് കോർട്ട് ഫീസ് ഒടുക്കേണ്ടത്. ഇത്തരം കേസുകളുടെ അപ്പീലിൽ വെറുതെ വിടുന്ന ബില്ലുകളിൽ 2 ലക്ഷം രൂപ വരെ 500 രൂപയും 2 ലക്ഷത്തിന് മുകളിൽ 1000 രൂപയും ഫീസ് ഒടുക്കിയാൽ മതി. പുനഃപരിശോധനാ ഹർജികൾക്കും ഇതേ നിരക്ക് ബാധകമായിരിക്കും. 

പാട്ടക്കരാറുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും പുതുക്കി നിശ്ചയിച്ചു. പാട്ടക്കരാറുകൾക്ക് ഒരു വർഷത്തിൽ താഴെ കാലാവധിക്ക് 500 രൂപയും, ഒരു വർഷത്തിന് മുകളിൽ 5 വർഷം വരെ കാലാവധിയ്ക്ക് വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം (കുറഞ്ഞത് 500 രൂപ) സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. 5 വർഷം മുതൽ 10 വർഷം വരെ കരാറുകൾക്ക് 20 ശതമാനം (കുറഞ്ഞത് 1000 രൂപ) സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചു. 10 വർഷം മുതൽ 20 വർഷം വരെ കരാറുകൾക്ക് 35 ശതമാനം (മിനിമം 2000 രൂപ) സ്റ്റാമ്പ് ഡ്യൂട്ടിയും 20 വർഷത്തിന് മുകളിൽ 30 വർഷം വരെ 60 ശതമാനവും 30 വർഷത്തിന് മുകളിൽ 90 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും നിശ്ചയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!