കേരള ഗാന വിവാദം ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചു ഹരിനാരായണന്റെ ഗാനം അംഗീകരിച്ചു: കെ.സച്ചിദാനന്ദൻ

By Web TeamFirst Published Feb 4, 2024, 9:41 AM IST
Highlights

ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞത്

തൃശ്ശൂര്‍: കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നും പറഞ്ഞ അക്കാദമി അധ്യക്ഷൻ പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നും പറഞ്ഞു. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ഹരിനാരായണൻ തന്നെയാണ് ബിജിപാലിന്റെ പേര് നിര്‍ദ്ദേശിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു.

അതിനിടെ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞത്. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന പറഞ്ഞ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!