Latest Videos

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലവർഷം ഈ ആഴ്ച ദുർബലം, അടുത്ത ആഴ്ച ശക്തി പ്രാപിക്കും

By Web TeamFirst Published Jun 30, 2024, 5:22 AM IST
Highlights

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കും

തിരുവനന്തപുരം: കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്. എന്നാൽ വടക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്ച തുടരാനാണ് സാധ്യത. ശേഷം അടുത്ത ആഴ്ചയോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.

അതേസമയം ഇന്ന് കേരളത്തിലെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം - മഞ്ഞ അലർട്ട്

30-06-2024 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
01-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും 30-06-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ഇന്ത്യക്കാകെ അഭിമാനം, ടി 20 യിൽ രണ്ടാം വിശ്വ കിരീടം നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് മോദിയും രാഹുലുമടക്കമുള്ളവർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!