സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനില്ല, നിലവിലെ നടപടികള്‍ ശക്തമാക്കും: മുഖ്യമന്ത്രി

By Web Team  |  First Published Jul 24, 2020, 6:58 PM IST

സമ്പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. സമ്പൂര്‍ണ ലോക്ക് ഡൗണിനോട് സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. 


തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സമ്പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശത്തെ സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് വീണ്ടും സംസ്ഥാനം പോകരുത് എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സമാന നിര്‍ദേശമാണ് സിപിഎം മുന്നോട്ടുവെച്ചതും. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗുണകരമല്ല എന്നായിരുന്നു സിപിഎമ്മിന്‍റെ വിലയിരുത്തല്‍. കേരളം മുഴുവന്‍ അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും സിപിഎം നിര്‍ദേശിച്ചു. 

Latest Videos

undefined

സമ്പൂർണ ലോക്ക്ഡൗൺ ഗുണകരമാകില്ലെന്ന് സിപിഎം, സർക്കാർ തീരുമാനം തിങ്കളാഴ്ച

രോഗമുക്തിയില്‍ ആശ്വാസദിനം

സംസ്ഥാനത്ത് 885 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 968 പേർ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64  പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളും ഉണ്ട്. 24 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോ​ഗം വന്നു. 

ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകൻ (46 വയസ്), കാസ‍ർകോട് സ്വദേശി ഖമറൂന്നിസ (48), മാധവൻ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്. 

click me!