കാഞ്ഞിരകൊല്ലിയില്‍ മാവോയിസ്റ്റുകള്‍ എത്തിയ ചിറ്റാരി കോളനിവാസികള്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. തോക്കുധാരികള്‍ കോളനിയിലെത്തിയിട്ടും പൊലീസ് കൃത്യ സമയത്ത് ഇടപെട്ടില്ല എന്ന പരാതിയാണ് ഇവര്‍ക്ക് പറയാനുള്ളത്.
കണ്ണൂര്‍: കാഞ്ഞിരകൊല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റിനെ സംഘാംഗങ്ങള്‍ കോളനിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് സജു സേവ്യര്‍. ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷിനെ കോളനിയില്‍ കണ്ട സംഭവത്തെ കുറിച്ചാണ് സജുവിന്റെ പ്രതികരണം.
''ജാള്യതയോ ഭയമോ ഇല്ലാതെയാണ് ഞാന്‍ മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് അയാള്‍ പറഞ്ഞത്. വര്‍ഷങ്ങളായി ഈ കാട്ടിലുണ്ട്. മൂന്നു ദിവസം മുന്‍പ് കര്‍ണാടകയിലെ കാട്ടില്‍ വച്ച് കാട്ടാന ആക്രമിച്ചു. എന്റെ കൂടെ ആറ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവരെല്ലാം ഇവിടെ വന്ന് ഭക്ഷണ സാധനം വാങ്ങി മടങ്ങി പോയി''- എന്നാണ് സുരേഷ് പറഞ്ഞതെന്ന് സജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, കാഞ്ഞിരകൊല്ലിയില്‍ മാവോയിസ്റ്റുകള്‍ എത്തിയ ചിറ്റാരി കോളനിവാസികള്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. തോക്കുധാരികള്‍ കോളനിയിലെത്തിയിട്ടും പൊലീസ് കൃത്യ സമയത്ത് ഇടപെട്ടില്ല എന്ന പരാതിയാണ് ഇവര്‍ക്ക് പറയാനുള്ളത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഭക്ഷണം ആവശ്യപ്പെട്ട് മാവോയിസ്റ്റ് സംഘം കൃഷ്ണന്‍ എന്നയാളുടെ വീടിനു മുന്നിലെത്തിയത്. അതിനു ശേഷം പരുക്കേറ്റ സംഘാഗത്തെ കൃഷ്ണന്റെ വീടിനു മുന്നില്‍ ഉപേക്ഷിച്ചു. അരിയും മറ്റു സാധനങ്ങളും ഭീഷണിപ്പെടുത്തി വാങ്ങിയ അഞ്ചംഗ സംഘം ഉടനെ കാടുകയറിയെന്നാണ് കൃഷ്ണന്‍ പറയുന്നത്. തൊട്ടില്‍ പോലെ കെട്ടിയാണ് പരുക്കേറ്റ ആളെ കൊണ്ടു വന്നത്. വന്ന എല്ലാവരുടെയും കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുയെന്നും കൃഷ്ണന്‍ പറഞ്ഞു.
പരുക്കേറ്റ സുരേഷുമായി കാടു കയറാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ ആവണം ഇയാളെ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുരേഷിനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പൊലീസ് തീരുമാനം. കബനി ദളത്തില്‍പ്പെട്ട ആളാണ് സുരേഷ് എന്നാണ് പൊലീസിന്റെ അനുമാനം. കബനി ദളത്തില്‍പ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങളില്‍ നിന്ന് സുരേഷിനെ കൃഷ്ണന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് അറിയിച്ചപ്പോള്‍ പൊലീസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് ആക്ഷേപവും കോളനി നിവാസികള്‍ ഉന്നയിക്കുന്നുണ്ട്.