കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്. ഇന്ന് കടലിൽ പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും തമിഴ്‌നാട് - ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോടും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോടും ചേർന്ന ഭാഗങ്ങൾ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നാളെ വടക്കൻ തമിഴ്‌നാട് തീരം, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മിക്ക ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read More : മഴ കനക്കുന്നു, മധ്യ-തെക്കൻ കേരളത്തിൽ മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 5 ദിവസം ശക്തമായ മഴ തുടരും