ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി സർക്കാരിനെ വിമർശിച്ചില്ല, കോടതിയുടേത് ഉചിതമായ നിലപാടെന്നും മന്ത്രി

By Web TeamFirst Published Sep 11, 2024, 2:23 PM IST
Highlights

സിനിമ നയം കരട് പൂർത്തിയായെന്നും ഷൂട്ടിംഗ് സെറ്റുകളിലെ പരാതി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള ഹൈക്കോടതി സർക്കാരിനെ വിമർശിച്ചുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയുടേത് ഉചിതമായ നിലപാടാണെന്നും അതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് മറച്ച് വയ്ക്കേണ്ട കാര്യമില്ലെന്നും അതുകൊണ്ടാണ് പറഞ്ഞതിലും നേരത്തെ തന്നെ ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഏറ്റവും വേഗത്തിൽ തന്നെ എസ്ഐടിക്ക് പൂർണമായി റിപ്പോർട്ട് കൈമാറും. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന നിലപാടാണ് സർക്കാരിന്. ഷൂട്ടിംഗ് സെറ്റിൽ പരാതി ഉയർന്നാൽ പരിശോധിക്കാനുള്ള നടപടി ഉണ്ടാകും. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് ഹേമകമ്മിറ്റി തന്നെ പറഞ്ഞിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ആവർത്തിച്ചു.

Latest Videos

കോടതി വിമർശനം എന്നത് രാഷ്ട്രിയ നാടകമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത് പൊതുസമൂഹം അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞത് കൂടുതൽ പരിശോധന വേണമെന്ന് മാത്രമാണെന്നും മന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ  ബാധിക്കുന്ന ഭാഗമുള്ളതുകൊണ്ട് റിപ്പോർട്ട് പുറത്തുവിടരുത് എന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവിന് എന്തും പറയാം. സർക്കാരിന് ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ‌്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഹൈക്കോടതിയുടെ ഇന്നലത്തെ തീരുമാനങ്ങൾ വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കും. സിനിമ നയം കരട് പൂർത്തിയായി. ഷൂട്ടിംഗ് സൈറ്റുകളിലെ പരാതി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കും. സർക്കാർ സ്ത്രീ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവരാണ്. സ്ത്രീ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്. പരാതി നൽകാനുള്ളവർ നൽകണം. ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

click me!