ഷിരൂരിൽ അര്‍ജുനായുള്ള തെരച്ചിൽ; ഡ്രഡ്ജര്‍ അഴിമുഖത്തേക്ക് എത്തിക്കുന്നു, നാളെ പുലർച്ചെയോടെ ഷിരൂരിലെത്തും

By Web TeamFirst Published Sep 19, 2024, 10:49 AM IST
Highlights

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നാളെ വീണ്ടും തുടങ്ങാൻ കഴിഞ്ഞേക്കും

ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നാളെ വീണ്ടും തുടങ്ങാൻ കഴിഞ്ഞേക്കും. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴ കടലിനോട് ചേരുന്ന ഭാഗത്തേക്ക്‌ എത്തിക്കുകയാണ് ഇപ്പോള്‍. മഞ്ജുഗുണിയിൽ അഴിമുഖത്തിന് സമീപത്ത് ഗംഗാവലിയിലെ പുതിയ പാലത്തിന് അടുത്തേക്കാണ് ടഗ് ബോട്ട് എത്തിക്കുന്നത്. നാളെ പുലർച്ചെയോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാനാണ് ശ്രമം. 

ഇന്ന് നാവികസേനയുടെ സംഘം ലോറി ഉണ്ടാകാൻ ഏറ്റവുമധികം സാധ്യതയുള്ള സ്ഥലത്ത് സോണാർ പരിശോധനയും നടത്തും. ഗോവയിൽ നിന്ന് ഇന്നലെ ഉച്ചയോടെ എത്തിച്ച ഡ്രഡ്ജർ ഇന്നലെ രാത്രി ഒമ്പതരയോടെ ഇന്ധനം നിറച്ച് കാർവാർ തീരത്ത് നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു. ഗംഗാവലിപ്പുഴയിൽ കടലിനോട് അടുത്ത് കിടക്കുന്ന രണ്ട് പാലങ്ങൾ ഇന്ന് വൈകിട്ട് വേലിയിറക്ക സമയത്ത് ജലനിരപ്പ് കുറയുമ്പോഴേ കടക്കാൻ കഴിയൂ. ഇന്ന് വൈകിട്ട് ആറ് മണിയോടെ വേലിയിറക്ക സമയത്ത് ആദ്യത്തെ പാലം കടന്ന് പോകാനാണ് ശ്രമം. അതിനാൽ പണി നടക്കുന്ന മഞ്ജുഗുണിയിലെ പുതിയ പാലത്തിനടുത്തേക്ക് രാവിലെ 9 മണിയോടെ ടഗ് ബോട്ട് എത്തിച്ച് വൈകിട്ട് ആറ് മണി വരെ കാത്തിരിക്കും. ഇന്ന് രാത്രി മുഴുവൻ ഗംഗാവലിപ്പുഴയിലൂടെ സഞ്ചരിച്ച് നാളെ പുലർച്ചെയോടെ ടഗ് ബോട്ട് ഷിരൂരിൽ എത്തുമെന്നാണ് കണക്ക് കൂട്ടൽ.

Latest Videos

click me!