പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നയാപൈസ സംസ്ഥാനത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്ന് അമിക്കസ് ക്യൂറിയും അറിയിച്ചിരുന്നു
കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. മൂന്നാഴ്ചക്കകം മറുപടി നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ചാണ് നിർദേശിച്ചത്. സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നയാപൈസ സംസ്ഥാനത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്ന് അമിക്കസ് ക്യൂറിയും അറിയിച്ചിരുന്നു. ഇതോടെയാണ് കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
അതേസമയം ചെലവഴിച്ച തുകയെന്ന പേരിൽ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നാണ് ഇക്കാര്യത്തിൽ കോടതി നിർദ്ദേശിച്ചത്.
അതിനിടെ വയനാട് ദുരന്തത്തിൽ ആവശ്യമായ സഹായധനം നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് കടക്കുകയാണെന്ന് സി പി എം അറിയിച്ചു. കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് അറിയിച്ചത്. കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തിൽ വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായം വൈകുന്നതിൽ ഭരണപക്ഷവും പ്രതിപക്ഷവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവും ഭരണ പ്രതിപക്ഷ നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ചപ്പോൾ കേന്ദ്ര നയത്തിൽ തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രസംഗമെന്നതും ശ്രദ്ധേയമായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം