സനാതന ധര്‍മ്മ പരമാര്‍ശം: ഹിന്ദുക്കളെപിണറായി അപമാനിച്ചു, മറ്റ് മതങ്ങളെ അവഹേളിക്കാന്‍ ധൈര്യമുണ്ടോയെന്ന് ബിജെപി

By Web Desk  |  First Published Jan 1, 2025, 1:17 PM IST

ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ബിജെപി ആയുധമാക്കുന്നത്


ദില്ലി: മുഖ്യമന്ത്രിയുടെ സനാതന ധര്‍മ്മ പരമാര്‍ശം  ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി  ബിജെപി. ഹിന്ദുക്കളെ  മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചെന്നും  മറ്റ് മതങ്ങളെ അവഹേളിക്കാന്‍  ധൈര്യമുണ്ടോയെന്നും ദേശീയ വക്താവ് ഷെഹ്സാദ് പുനെവാലെ ചോദിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ പൊതു  നിലപാടെന്ന രീതിയിലാണ് ബിജെപി പിണറായിയുടെ വാക്കുകളെ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്

ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ഈ പരാമര്‍ശങ്ങളാണ് ബിജെപി ആയുധമാക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങളുടെ അടിത്തറ സനാതന ധര്‍മ്മമാണെന്ന ബിജെപി നേതാക്കളുടെ വാദത്തെ ഖണ്ഡിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെങ്കില്‍ സനാതന ധര്‍മ്മത്തിന് നേരെയുള്ള പരസ്യവിമര്‍ശനമായാണ് ബിജെപി ദേശീയ നേതൃത്വം പ്രചാരണം നടത്തുന്നത്. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി അത്തരമൊരു പരമാര്‍ശം നടത്തിയതെന്നാണ് ആരോപണം. ആ വോട്ട് ബാങ്കുകള്‍ ലക്ഷ്യമിടുമ്പോള്‍ ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ഷെഹസാദ് പുനെവാലെ കുറ്റപ്പെടുത്തി. മറ്റ് മതങ്ങളോട് ഇങ്ങനെ പറയാന്‍ ധൈര്യമുണ്ടോയെന്നും ചോദ്യം.

Latest Videos

നേരത്തെ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്ററ്റാലിന്‍ സനാതന ധര്‍മ്മത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ബിജെപി ഉത്തേരന്ത്യയില്‍ ആയുധമാക്കിയിരുന്നു. ഉദയനിധി പങ്കെടുക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍  അന്ന് മധ്യപ്രദേശില്‍ നടത്താനിരുന്ന ഇന്ത്യ സഖ്യത്തിന്‍റെ റാലി  കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇന്ത്യസഖ്യത്തിലെ കക്ഷികളാരും ഉദയനിധിയെ ന്യായീകരിക്കാനും മുതിര്‍ന്നില്ല. ഉദയനിധിയുടെ പ്രസ്താവനയുടെ തുടര്‍ച്ചയെന്നോണമാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ ചിത്രീകരിക്കുന്നതും, ഇന്ത്യ സഖ്യത്തിന്‍റെ  പൊതുനിലപാടായി അവതരിപ്പിക്കുന്നതും.

click me!