സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളിലും ലേണേഴ്‌സ് ടെസ്റ്റുകളിലും സമഗ്ര മാറ്റം ഉടൻ; പത്തംഗ കമ്മിറ്റിയെ നിയമിച്ചു

By Web TeamFirst Published Jan 21, 2024, 8:54 PM IST
Highlights

ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം വലിയ പരിഷ്കാരങ്ങൾക്കാണ് മന്ത്രിയുടെ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കാഠിന്യമേറിയതാക്കാൻ തീരുമാനം. മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വര്‍ധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്കാരങ്ങൾക്ക് നിര്‍ദ്ദേശം നൽകിയത്.

പരിഷ്കാരം സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിച്ചു. സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഇവരോട് ഒരാഴ്ചക്കുള്ളിൽ നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം വലിയ പരിഷ്കാരങ്ങൾക്കാണ് മന്ത്രിയുടെ നീക്കം.

Latest Videos

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാൽ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും കെബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൈദ്യുത ബസ്സുകൾ നഷ്ടമാണെന്നായിരുന്നു മന്ത്രിയുടെ മറ്റൊരു നിലപാട്. കൂടിയ വിലക്ക് ബസ്സ് വാങ്ങി പത്ത് രൂപ ടിക്കറ്റ് നിരക്കിൽ ബസ്സ് ഓടിക്കുക ഒരിക്കലും ലാഭകരമല്ലെന്ന് പറഞ്ഞ മന്ത്രി, ഇനി വൈദ്യുതി ബസ്സുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

മാത്രമല്ല ഇ-ബസുകളിൽ ടിക്കറ്റ് നിരക്ക് കൂട്ടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകൾ കണ്ടെത്താൻ ഓരോ ബസ്സിന്‍റെയും കോസ്റ്റ് ഓഡിറ്റിംഗ് നടപ്പാക്കുമെന്നും വിവിധ യൂണിയനുകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മന്ത്രി അറിയിച്ചു. വൈദ്യുതി ബസുകൾ സംബന്ധിച്ച മന്ത്രിയുടെ നിലപാട് ജനങ്ങളിൽ അമ്പരപ്പും ഉളവാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!