കേരളത്തിൽ ആർക്കും സുരക്ഷിതമായി നടക്കാമെന്ന് ഗവർണർ തെളിയിച്ചു, ഭരണഘടന പഠിക്കണം; ഗവർണർക്കെതിരെ മന്ത്രിമാർ

By Web TeamFirst Published Dec 19, 2023, 9:26 AM IST
Highlights

സർവകലാശാലകളെ അച്ചടക്കം പഠിപ്പിക്കുമെന്നാണ് ഗവർണർ പറയുന്നത്. ഗവര്‍ണര്‍ക്ക് നല്ല അച്ചടക്കമാണല്ലോ എന്നും മന്ത്രി പരിഹസിച്ചു.

കൊല്ലം : എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ നിരന്തരം വിമർശനവും അധിക്ഷേപവും നടത്തുന്ന ഗവർണർക്കെതിരെ മന്ത്രിമാർ. കേരളത്തിൽ സുരക്ഷിതമായി ഏതൊരാൾക്കും നടക്കാൻ കഴിയുമെന്നാണ് മിഠായിത്തെരുവിലൂടെയുളള യാത്രയിലൂടെ ഗവർണർ തെളിയിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സർവകലാശാലകളെ അച്ചടക്കം പഠിപ്പിക്കുമെന്നാണ് ഗവർണർ പറയുന്നത്. ഗവര്‍ണര്‍ക്ക് നല്ല അച്ചടക്കമാണല്ലോ എന്നും മന്ത്രി പരിഹസിച്ചു.

ഗവർണറുടേത് നീചമായ രാഷ്ട്രീയമെന്ന് മന്ത്രി വി എൻ വാസവനും പ്രതികരിച്ചു. കേരളമായതുകൊണ്ടാണ് ഗവർണർക്ക് ഒരു പോറൽ പോലും ഏൽക്കാതിരുന്നത്. ഗവർണർ ഇപ്പോൾ പെരുമാറുന്നത് സ്ട്രീറ്റ് ഫൈറ്ററെ പോലെയാണ്. അദ്ദേഹം ഭരണഘടന പഠിക്കാൻ തയ്യാറാകണം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല എസ് എഫ് ഐ പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു. 

Latest Videos

ഗവർണർ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി എം ബി രാജേഷ്  പരിഹസിച്ചു. പഠിപ്പും വിവരവുമുള്ളവരെ ക്രിമിനലെന്നും റാസ്കലെന്നും വിളിക്കുന്നു. എന്നെ അറസ്റ്റ് ചെയ്യുവെന്ന് പറയുന്ന ജഗതിയുടെ കഥാപാത്രമാണ് ഗവർണർ. പഴയ കുട്ടൻ പിള്ള പൊലീസിനെ പോലെയാണ് റാസ്കൽ വിളിയെന്നും രാജേഷ് പരിഹസിച്ചു.

മിഠായി തെരുവിലുണ്ടായത് ബി ജെ പിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.  എസ് എഫ് ഐയുടെ ചോര വീണ റോഡിലൂടെയാണ് ഗവർണർ ഇറങ്ങി നടന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഹലുവ നൽകിയ കൈ കൊണ്ട് ജനങ്ങൾ എതിരെ വോട്ട് ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത്

എസ്എഫ്ഐ പ്രതിഷേധത്തിനും അസാധാരണ നടപടികൾക്കും പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് തിരിച്ചെത്തി.ഇന്നലെ രാത്രി 10 മണിയോടെ വിമാനത്താവളത്തിലെത്തിയ ഗവർണർക്കെതിരെ തലസ്ഥാനത്തും വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഇറങ്ങി. ജനറൽ ആശുപത്രിക്ക് സമീപവും എകെജി സെന്ററിന് മുന്നിലും എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ചാക്ക ഐടിഐ, പള്ളിമുക്ക്, പാളയം, മാനവീയം വീഥി എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടായി. രാത്രിയോടെ സംഘടിച്ച വിദ്യാർത്ഥികൾ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് മാർച്ച് നടത്തി. 

അതേസമയം, തനിക്കെതിരായ പ്രതിഷേധങ്ങളിൽ ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ ഉടൻ രാഷ്ട്രപതിക്കും കേന്ദ്രത്തിനും റിപ്പോർട്ട് നൽകും. സംഘർഷങ്ങളിൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം കൂടി പരിശോധിച്ചാകും തീരുമാനം. തിരുവനന്തപുരത്തെ സംഘർഷത്തിൽ ചീഫ് സെക്രട്ടറി ഇത് വരെ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം നൽകിയിട്ടില്ല. ഗവർണർക്ക് എതിരായ രാഷ്ട്രീയ പോരാട്ടം ശക്തമാക്കാൻ ആണ് സിപിഎം നീക്കം.

 

click me!